അഞ്ചാമത്തെ പുതുപ്പള്ളി സംഗമം അവിസ്മരണീയമാക്കി ഗീവര്‍ഗീസ് സഹദായുടെ ജന്മം കൊണ്ട് പേരുകേട്ട കവന്‍ട്രി 

അഞ്ചാമത്തെ പുതുപ്പള്ളി സംഗമം അവിസ്മരണീയമാക്കി ഗീവര്‍ഗീസ് സഹദായുടെ ജന്മം കൊണ്ട് പേരുകേട്ട കവന്‍ട്രി 
October 17 06:00 2018 Print This Article

കവെൻട്രി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച, ഒക്ടോബര്‍ മാസം പതിമൂന്നാം തീയതി കവന്‍ട്രിയിലെ ഷില്‍ട്ടന്‍ ഹാളില്‍ നടന്ന പുതുപ്പള്ളി സംഗമത്തിന് എത്തിയവരെ ഗ്രഹാതുരത്വത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം പത്തരക്ക് പുതുപ്പള്ളിയുടെ ആവേശമായ പകിടകളി അത്യാവേശത്തോടെ നടന്നു. പകിടകളി പുതുപ്പള്ളിക്കാരേ പുതുപ്പള്ളിയിലെ ഒരു പഴയ ഓണക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവസാനം പകിട കളിയുടെ എവര്‍ റോളിംഗ് ട്രോഫി ബിജു ജോണും റോണി ഏബ്രഹാമും ഉയര്‍ത്തി. തുടര്‍ന്ന് പുതുപ്പള്ളിയുടെ സ്വകാര്യ അഹങ്കാരമായ നാടന്‍ പന്തുകളി ഷില്‍ട്ടണ്‍ മൈതാനത്ത് അരങ്ങേറി. ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ നാടന്‍ പന്ത് കയ്യിലേന്താത്തവര്‍ നാടന്‍ പന്തുകളിയെ അവരുടെ നെഞ്ചിലേറ്റി എന്ന് ആവേശവും തര്‍ക്കങ്ങളും കൊണ്ട് തെളിയിച്ചു. കളിയുടെ അവസാനം റോണി ഏബ്രഹാമിന്റെ നേതൃത്ത്വത്തിലുള്ള ഒന്‍പതംഗ ടീം എവര്‍ റോളിഗ് ട്രോഫിയില്‍ മുത്തമിട്ടു. നാടന്‍ പന്തുകളി മൈതാനത്ത് നടക്കുമ്പോള്‍ ലിസ ആസൂത്രണം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും കളികള്‍ മിനിയുടെയും യുവതിയുവാക്കളുടെയും നേതൃത്വത്തില്‍ ഹോളില്‍ അരങ്ങേറി. വര്‍ണ്ണങ്ങളിലൂടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയ പുതുപ്പള്ളിയിലെ തരുണീമണികളുടെ വടംവലിയോടെ ശക്തിയുടെയും ഒത്തൊരുമയുടെയും മത്സരമായ വടംവലിയെ പുതുപ്പള്ളിക്കാര്‍ ആഘോഷിച്ചു. സ്ത്രീകളുടെ വടംവലിയില്‍ മിനിയുടെ ടീമും പുരുഷന്‍ മാരുടെ വടംവലിയില്‍ ബ്ലസന്റെ ടീമും വിജയിച്ചു. കൂടാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ പ്രദര്‍ശന വടം വലിയും അരങ്ങേറി. മീനും ഇറച്ചിയും അവിയലും എല്ലാമണിനിരന്ന പുതുപ്പള്ളിക്കാരുടെ തനതു സദ്യ നാവുകള്‍ ആഘോഷമാക്കി.

തുടര്‍ന്ന് യു കെയിലെ പ്രശസ്ത മലയാള അഭിഭാഷകനും കേംബ്രിഡ്ജ് കൗണ്‍സിലറുമായ ബൈജു വര്‍ക്കി തിറ്റാലയും, കവന്‍ട്രിയിലെ ഒരേയൊരു മലയാളം അസോസിയേഷനും യു കെയിലെ വലിയ അസോസിയേഷനില്‍ ഒന്നുമായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റായ ജോര്‍ജ് കുട്ടി വടക്കേക്കുറ്റും സംയുക്തമായി നിലവിളക്ക് തെളിച്ചതോടെ സംഗമം ഔദ്യോഗികമായി ആരംഭിച്ചു. തുടര്‍ന്ന് പുതിയ അംഗങ്ങള്‍ അവരെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ശ്രീ ബൈജു വര്‍ക്കി തിറ്റാല എന്‍ എം സി പ്രാക്ടിസ് ആന്‍ഡ് പ്രോസിഡിയേഴ്‌സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ നയിച്ചു.തുടര്‍ന്ന് പുതുപ്പള്ളിയിലെ പഴയ തലമുറ ആസ്വദിച്ചിരുന്ന വില്ലടിച്ചാന്‍ പാട്ട് സ്റ്റേജില്‍ പുനസൃഷ്ടിക്കപ്പെട്ടതോടൊപ്പം പഴയ കാലത്തെ. കവലയോഗങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായ മദ്യപനും അവതരിപ്പിക്കപ്പെട്ടു. അതിനു ശേഷം ലിസയുടെയും മിനിയുടെയും നേതൃത്വത്തില്‍ ആറു കപ്പിളുകള്‍ നടത്തിയ കപ്പിള്‍ ഡാന്‍സ് ഒരു മധുരാനുഭൂതി ഉയര്‍ത്തി. പ്രശസ്ത ഗായകനായ ഷഡ്കാല ഗോവിന്ദ മാരാര്‍ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന വെന്നിമല ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രശസ്ത ഗായകരുടെ പാട്ടുകള്‍ കാതിന് ഇമ്പമേകി.

പുതുപ്പള്ളി അസംബ്‌ളി മണ്ഡലത്തിലുള്ള വാകത്താനം , പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, മണര്‍കാട്, അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ നിന്നും മുന്‍പ് പുതുപ്പള്ളിയുടെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും യു കെയില്‍ കുടിയേറിയവര്‍ പുതുപ്പള്ളി എന്ന ഒരു വികാരത്തില്‍ ഒത്തുകൂടിയപ്പോള്‍ ആ ഒത്തുചേരലിന് തടസം നില്‍ക്കാതെ പ്രകൃതി പോലും പുഞ്ചിരിച്ചു. ഒരു പകല്‍ മഴ മാറി നിന്നു. അടുത്ത പുതുപ്പള്ളി സംഗമം 2019 ഒക്ടോബര്‍ മാസം 12 ന് ശനിയാഴ്ച വാട്‌ഫോര്‍ഡില്‍ ശ്രീ സണ്ണി മോന്‍ മത്തായിയുടെ നേതൃത്വത്തില്‍ കൂടാന്‍ തീരുമാനിച്ച് ഒരു പത്തംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

ശ്രീ ഏബ്രഹാം കുര്യന്റെ നേതൃത്വത്തിലുള്ള പത്തംഗ കമ്മറ്റി പുതിയ ഭാരവാഹികളെ അനുമോദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികളും, ജി സി എസ് ഇ വിജയിച്ച ആല്‍വിന്‍ ബിനോയ് ജോഷ്വാ മത്തായി എന്നിവര്‍ക്ക് ജേക്കബ് കുര്യാക്കോസ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികളും വിതരണം ചെയ്തു. എട്ടു നാടും കേള്‍വികേട്ട പുതുപ്പള്ളി പള്ളിയേ എന്ന ഗാനം മുഴങ്ങുന്ന അന്തരീക്ഷത്തില്‍ അത്താഴത്തോടെ സംഗമത്തിന് തിരശ്ശീല വീണു. 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles