പുതുവൈപ്പ് സംഘര്‍ഷത്തിന് പിന്നില്‍ ടാങ്കര്‍ ലോറി മാഫിയയോ? പ്രശ്നത്തിന് തുടക്കം കുറിച്ചത് മംഗലാപുരത്ത് നിന്നെത്തിയ സംഘം
21 June, 2017, 11:31 pm by News Desk 1

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ തീവ്രവാദികളുടെ ഇടപെടലുണ്ടായെന്ന നിലപാടിലുറച്ച് പോലീസ്. ഇത് സംബന്ധിച്ച് ഷാഡോപോലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കു കൈമാറി.മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇവരില്‍ രണ്ടു പേര്‍ മൂന്നാര്‍ സമരത്തിലും ഉണ്ടായിരുന്നതായി  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119-ാം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവൈപ്പ് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതില്‍ ഏതാനം പേര്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍, രേഖകള്‍ വീട്ടിലാണെന്നും, സമരം നടക്കുന്നത് അറിഞ്ഞെത്തിയവരാണ് തങ്ങളെന്നും, പുതുവൈപ്പ് സ്വദേശികളുടെ ബന്ധുക്കളാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ ഇവര്‍ സമരകേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷരായതോടെയാണ് സംശയമുണര്‍ന്നത്.

ഇവരില്‍ ഓരോരുത്തരെയും മൂന്ന് ഉദ്യോഗസ്ഥര്‍ വരെയാണ് നിരീക്ഷിച്ചത്. ഇവരിലൊരാളാണ് മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറിന് തുടക്കമിട്ടതെന്നും സൂചനയുണ്ട്. ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുക മംഗലപുരത്ത് നിന്ന് കൊച്ചിയില്‍ ഗ്യാസ് എത്തിക്കുന്ന ടാങ്കര്‍ ലോറി ഉടമകള്‍ക്കായിരിക്കും. വര്‍ഷം കോടികളുടെ നേട്ടമാണ് ടാങ്കര്‍ ലോബിക്ക് ഇതിലൂടെ ലഭിച്ചുവരുന്നത്. എല്‍.പി.ജി ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം ടാങ്കര്‍ ലോബിക്ക് നഷ്ടമാകും.

ഇതിനാല്‍ തീവ്രവാദ സംഘടനകളുടെ പിന്നില്‍ ടാങ്കര്‍ ലോറി മാഫിയയാണോ എന്ന ന്യായമായ സംശയവുമുണരുന്നു. സമരക്കാര്‍ക്ക് ആവശ്യമായ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഇവര്‍ സൗജന്യമായി എത്തിച്ച് നല്‍കിയിരുന്നു. സമര നേതാക്കളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ച് വരുകയാണ്. എന്നാല്‍ പുറത്ത് നിന്ന എത്തിയ തീവ്ര സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പത്താം തീയതിയോടെ പുതുവൈപ്പിലെത്തിയ സംഘം വീടുകള്‍ കയറി ക്യാമ്പയിന്‍ നടത്തി അനാവശ്യഭീതിയുണ്ടാക്കി. ഇതാണ് പതിനാലാം തിയതിയോടെ സമരത്തിന്റെ സ്വഭവം മാറിയത്. ഇതിനു മുമ്പ്് ഇവര്‍ ഇവിടെ എത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

മറ്റൊരു കാര്യം പുതുവൈപ്പ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞ ഒരാഴ്ചക്കാലമായി ജോലിയ്‌ക്കൊന്നും പോകാതെ സമരത്തിലുണ്ട്. സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ ഇവിടെത്തന്നെ ജോലിയ്ക്കു കയറിപ്പറ്റാമെന്നും പലരും കണക്കുകൂട്ടുന്നു. പ്രദേശവാസികള്‍ക്ക് പദ്ധതിയില്‍ ജോലി നല്‍കണമെന്ന നിര്‍ദ്ദേശം ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കും. എന്നാല്‍ ഇത്തരം ആവശ്യത്തിന് വഴങ്ങേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൈവേകള്‍ വഴിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് അമ്പത് ശതമാനം എങ്കിലും കുറയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്. ദിവസേന ഏകദേശം നൂറ് ബുള്ളറ്റ് ട്രക്കുകളാണ് വീതി കുറഞ്ഞ രോഡുകളിലൂടെ കടന്നുപോകുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്ന് നിര്‍ദ്ദിഷ്ട എല്‍പിജി ടെര്‍മിനിലേക്കും, ഉദയംപേരൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, എന്നിവടങ്ങളിലേക്കും പൈപ്പ് വഴി ബന്ധിപ്പിച്ചാല്‍ പാതകളില്‍ക്കൂടിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് ഗണ്യമായി കുറയുമെന്നും ഐഒസി അധികൃതര്‍ പറയുന്നു. ഒരു ദിവസം നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നത് മൂലം ഒരു കോടി രൂപയ്ക്കടുത്ത നഷ്ടമാണ് ഐഒസിക്ക് ഉണ്ടാകുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മോദി കൊച്ചിയിലെത്തുന്ന തലേ ദിവസമാണ് പുതുവൈപ്പ് സമരം സംഘര്‍ഷത്തിലെത്തിയത്. ഹൈക്കോടതിക്ക് അടുത്ത് വരെ സമരക്കാരെത്തി. ഇവരെ അതിശക്തമായി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് യതീഷ് ചന്ദ്രയെ ന്യായീകരിച്ചുകൊണ്ട്് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഭവം ഇപ്പോള്‍ കത്തിപ്പടരുകയാണ്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS
Copyright © . All rights reserved