ദോഹ: വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍. ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടുന്നില്ലെന്ന പരാതി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നതോടെയാണ് ഈ പ്രഖ്യാപനം. ഐക്യരാഷ്ട്ര സഭാ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് വ്യാഴാഴ്ച ഖത്തര്‍ തൊഴില്‍, സാമൂഹ്യകാര്യ മന്ത്രി ഇസ്സ സാദ് അല്‍ ജഫാലി അല്‍ നുഐമി ആണ് ഇക്കാര്യം അറിയിച്ചത്. 20 ലക്ഷത്തിനു മേല്‍ വിദേശ തൊഴിലാൡകള്‍ ഖത്തറില്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ ദുരിതം മാറ്റിയില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐഎല്‍ഒ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തൊഴിലാളികള്‍ രാജ്യം വിട്ടു പോകുന്നതിനെ തൊഴിലുടമകള്‍ തടയുന്നത് നിരോധിക്കും. വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കാന്‍ സെന്‍ട്രല്‍ അതോറിറ്റിയെ നിയമിക്കും. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടും തുടങ്ങിയവയാണ് ഖത്തര്‍ നടപ്പാക്കാനൊരുങ്ങുന്ന മാറ്റങ്ങള്‍. എന്നാല്‍ മിനിമം വേതനം എത്രയാണെന്നോ ഈ മാറ്റങ്ങള്‍ എന്നുമുതല്‍ നടപ്പാകുമെന്നോ മന്ത്രി വ്യക്തമാക്കിയില്ല.

കഫാല രീതിക്കെതിരായാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം പ്രധാനമായും ഉയര്‍ന്നത്. ഇതനുസരിച്ച് കഫീല്‍ അഥവാ തൊഴിലുടമയായ സ്‌പോണ്‍സറിനാണ് തൊഴിലാളികളുടെ മേല്‍ പൂര്‍ണ്ണാധികാരം ഉള്ള്. കുറഞ്ഞ വേതനം, പാസ്‌പോര്‍ട്ട് പിടിച്ചുവെക്കല്‍, മോശം താമസ സൗകര്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും നിരന്തരം ഉന്നയിച്ചിരുന്നു.