ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോക് ഡൗണിന്റെ ദൈർഘ്യം നിശ്ചയിച്ചിട്ടില്ല എന്നും അത് ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നും കാബിനറ്റ് ഓഫീസ് മന്ത്രിയായ മൈക്കിൾ ഗോവ്. ഞായറാഴ്ച സോഫി റിഡ്‌ജുമായി സംവാദം നടത്തിയ ക്യാബിനറ്റ് ഓഫീസ് മന്ത്രി ലോക്ക് ഡൗൺ സമയപരിധി പറയുവാൻ വിസമ്മതിച്ചു. എന്നാൽ ആളുകൾ മാർഗ നിർദേശങ്ങൾ പാലിച്ച് പൂർണമായി സർക്കാർ നിയന്ത്രണങ്ങളുമായി സഹകരിച്ചാൽ കാലയളവ് ഒരുപരിധിവരെ കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായ നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നു ഗോവ് പറഞ്ഞു. ഇതേസമയം മുൻ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ മാർക്ക് വാൾപോർട്ട് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സോഫി റിഡ്ജിനോട് പറഞ്ഞത്.ആളുകൾ പരസ്പരം അകലം പാലിക്കുക, അതായത് വീട്ടിൽ സമയം ചിലവഴിക്കുക എന്ന ഉപദേശം വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട് അതിനായുള്ള ഏക മാർഗം എന്ന് പറയുന്നത് സാമൂഹ്യ അകലം പാലിക്കുക എന്നുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇമ്പീരിയൽ കോളജ് ലണ്ടനിലെ ഡിസീസ് എക്സ്‌പേർട്ട് പ്രൊഫസറായ നീൽ ഫെർഗുസൺ കൊറോണ വൈറസ് നിയന്ത്രിക്കാൻ ജനങ്ങൾ ജൂൺ വരെയെങ്കിലും തങ്ങളുടെ ഭവനങ്ങളിൽ കഴിയണം എന്ന് പറയുകയുണ്ടായി. ലോക് ഡൗൺ അവസാനിച്ചു കഴിഞ്ഞാലും ജനങ്ങൾ ഒരു പരിധിവരെ സാമൂഹിക അകലം പാലിക്കുക അതായിരിക്കും നല്ലത് എന്ന് ഒരു പ്രമുഖ സാമൂഹ്യ ഉപദേഷ്ടാവ് പറഞ്ഞു. ഇതിനർത്ഥം ബ്രിട്ടണിലെ മുഴുവൻ ജനങ്ങളും ഏകദേശം മൂന്ന് മാസത്തോളം വീടുകളിൽ കഴിയേണ്ടിവരും എന്നാണ്.

ലോക ഡൗണിന് ശേഷം സ്കൂളുകളും സർവ്വകലാശാലകളും ശരത് കാലം വരെ അടച്ചിടുന്നതും ആളുകൾ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നതും സുരക്ഷാ നടപടികളിൽ ഉൾപ്പെടുമെന്ന് പ്രൊഫസർ ഫെർഗുസൺ പറഞ്ഞു. “തീർച്ചയായും എല്ലാവരും ചൈനയേയും കൊറിയേയും നോക്കുന്നു. വൈറസ് ബാധ പടരുന്നത് ചൈനയിൽ, പ്രത്യേകിച്ച് വൂഹാനിൽ വളരെ പെട്ടെന്നായിരുന്നു. എന്നാൽ അവർ തളരാതെ ഒറ്റക്കെട്ടായി അണിനിരന്നു” എന്ന് മുൻ ചീഫ് ശാസ്ത്ര ഉപദേഷ്ടാവായ സർ മാർക്ക് വാൾപോർട്ട് പറഞ്ഞു.

അതേസമയം ലോക് ഡൗണിന്റെ ഈ പശ്ചാത്തലത്തിൽ സർക്കാർ ശുഭാപ്തി വിശ്വാസത്തിലാണ്. കഴിഞ്ഞ ആഴ്ചയിൽ ഉള്ള ബോറിസ് ജോൺസന്റെ രാജ്യത്തോടുള്ള അഭിസംബോധനയിലും നമുക്ക് ഈ ശുഭാപ്തി വിശ്വാസം തന്നെയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ വരികളിലൊക്കെയും മൂന്നുമാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകുമെന്ന വിശ്വാസം നമ്മുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്.