സ്വന്തം ലേഖകൻ

ലണ്ടൻ : രാജകുടുംബത്തിനുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരടിയന്തര യോഗം വിളിച്ചുചേർക്കാൻ രാജ്ഞി തയ്യാറായി. ഹാരിയുടെയും മേഗന്റെയും ഭാവിയിലെ രാജകീയ പദവികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഹാരി രാജകുമാരൻ, കേംബ്രിഡ്ജ് ഡ്യൂക്ക്, വെയിൽസ് രാജകുമാരൻ തുടങ്ങിയവരെ ചർച്ചയ്ക്കായി സാൻ‌ഡ്രിംഗ്ഹാമിലേക്ക് വിളിപ്പിച്ചു. കാനഡയിലുള്ള മേഗൻ കോൺഫറൻസ് കോളിലൂടെ ഈ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനം ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രഹരമായി മാറുകയുണ്ടായി. ഈയൊരു സാഹചര്യത്തിൽ ഹാരിയുടെയും മേഗൻന്റെയും രാജകീയ റാങ്കുകൾ തീരുമാനിക്കുന്നതിനായി നടപടികൾ തുടങ്ങിയിട്ടുണ്ട്. അതേസമയം, സഹോദരനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ദുഃഖമുണ്ടെന്ന് കേംബ്രിഡ്ജ് ഡ്യൂക്ക് അറിയിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.

നോർഫോക്കിലെ ക്വീൻസ് എസ്റ്റേറ്റിൽ ഇന്ന് നടക്കുന്ന “സാൻ‌ഡ്രിംഗ്ഹാം ഉച്ചകോടി”, ഈ പുതിയ സാഹചര്യത്തിൽ വ്യാപിപ്പിച്ചേക്കുമെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. രാജകുടുംബം നിർണായക പ്രതിസന്ധി നേരിട്ടപ്പോഴൊക്കേ ഇത്തരത്തിൽ യോഗം വിളിച്ചുചേർത്തിരുന്നു. “ഇത്രയും നാളും എന്റെ സഹോദരന്റെ തോളിൽ കയ്യിട്ടുകൊണ്ടാണ് ഞാൻ നടന്നിട്ടുള്ളത്. എന്നാൽ ഇനി എനിക്കത് ചെയ്യാൻ കഴിയില്ല.” വില്യം പറഞ്ഞു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ മരണത്തെത്തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക അനുശോചനത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം ഇപ്പോൾ ഒമാനിലുള്ള ചാൾസ് രാജകുമാരൻ ഈയൊരു ചർച്ചയിൽ പങ്കെടുക്കുന്നതിനായി തിരികെയെത്തും.

ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമൺവെൽത്തിനോടുമുള്ള കടപ്പാട് നിലനിർത്താൻ ഏതാനും ചില രാജകീയ ചുമതലകൾ മാത്രം തുടർന്നു വഹിക്കുമെന്നും ഹാരി പറഞ്ഞു. ബ്രിട്ടീഷ്​ രാജ്ഞിക്കുള്ള പൂർണ പിന്തുണ തുടർന്നുകൊണ്ടു തന്നെ രാജകുടുംബത്തിലെ ‘മുതിർന്ന’ അംഗങ്ങളെന്ന നിലയിൽ നിന്ന്​ തങ്ങൾ പടിയിറങ്ങാൻ ഉദ്ദേശിക്കുകയാണെന്ന്​ ബക്കിങ്​ഹാം പാലസ്​ പുറത്തു വിട്ട പ്രസ്​താവനയിൽ ഹാരി രാജകു​മാരൻ പറയുന്നു. സാമ്പത്തികമായി സ്വതന്ത്രനാവാനാണ്​ പുതിയ തീരുമാനമെന്നാണ്​ അദ്ദേഹം നൽകുന്ന വിശദീകരണം. ഹാരിയുടെ ഈ തീരുമാനത്തോടെ സഹോദരനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ കൂടുകയാണുണ്ടായത്. അതീവ ദുഃഖത്തിൽ കഴിയുന്ന രാജ്ഞി തന്നെ മുൻകൈയെടുത്താണ് ഈ യോഗം വിളിച്ചുകൂട്ടുന്നത്.