ഗ്രേറ്റ് ബഹാമാസ് അബാക്കോ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു പെൺകുട്ടി തന്റെ വളർത്തുനായയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ചിത്രവും കാറ്റിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലെ വീഡിയോകളും ലഭിച്ചിട്ടുണ്ട്. കാറ്റഗറി നാലിൽ പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് വീടുകൾക്കും തെരുവുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ ഗവർണർ ജനറൽ കോർണിലിയോസ്‌ സ്മിത്തിന് അയച്ച കത്തിൽ ഡോറിയന് ചുഴലിക്കാറ്റ് വിതച്ച നാശ നഷ്ടത്തിൽ തനിക്കും ഫിലിപ്പ് രാജകുമാരനും അതിയായ ദുഃഖമുണ്ടെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആത്മാർത്ഥമായി അനുശോചനം അറിയിക്കുന്നു എന്നും രാജ്‌ഞി പറഞ്ഞു. ദുരന്ത സ്ഥലത്ത് വോളണ്ടിയർ മാർക്കും സന്നദ്ധസംഘടനകൾക്കും അവരുടെ സേവനങ്ങൾക്ക് രാജ്‌ഞി നന്ദി അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ കിണറുകളിൽ എല്ലാം ഉപ്പുവെള്ളം കയറി മലിനമായിരിക്കുകയാണ്. അതിനാൽ പ്രദേശത്തെ ഏറ്റവും അത്യാവശ്യമുള്ള വസ്തു ശുദ്ധജലമാണ്. തിങ്കളാഴ്ചയോടെ കാറ്റു കുറഞ്ഞെങ്കിലും കോമൺവെൽത്തിന്റെ ഭാഗമായ 700ചെറു ദ്വീപുകളും നിത്യ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഏറെ സമയമെടുക്കും.