നാടിനെ നടുക്കിയ കൊലപതകത്തിൽ സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. വീട്ടിലേക്കുള്ള കാമുകന്റെ വരവും പോക്കും മാതാപിതാക്കള്‍ വിലക്കിയതാണ് ഇവരെയും ഇല്ലായ്മ ചെയ്യാന്‍ പ്രേരണയായതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ആദ്യഭര്‍ത്താവ് എലിവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ഇതാണ് മകളെയും അച്ഛനമ്മമാരെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ പ്രേരണയായി.

സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.

എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.

സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ട്.

സൗമ്യയെ തലശേരി റസ്റ്റ് ഹൗസില്‍ വെച്ച് നീണ്ട പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാത്രി പത്തോടെ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.