ലണ്ടന്‍: ക്രിസ്മസിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ചയായ 22ന് കടുത്ത ഗതാഗത കുരുക്കുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയായിരിക്കും ഈ ദിവസമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേര്‍ യാത്രകള്‍ നടത്തുന്നതും വീക്കെന്‍ഡും ഒക്കെച്ചേര്‍ന്ന് വെള്ളിയാഴ്ച റോഡുകളില്‍ വാഹനങ്ങള്‍ പെരുകും. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കുന്നു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഏറ്റവും രൂക്ഷമായ തിരക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കഴിവതും യാത്രകള്‍ കുറയ്ക്കണമെന്നാണ് ആര്‍എസി നിര്‍ദേശിക്കുന്നത്.

ക്രിസ്മസ് തലേന്ന് 1.9 മില്യന്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ കണക്കാക്കുന്നത്. എന്നാല്‍ 22-ാം തിയതി വെള്ളിയാഴ്ച അതിലും കൂടുതല്‍ തിരക്കിന് സാധ്യതയുണ്ടത്രേ. 1.25 മില്യന്‍ യാത്രകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ആളുകള്‍ നടത്തുമ്പോള്‍ അവര്‍ക്കിടയിലൂടെ ജോലി കഴിഞ്ഞ് തിരികെ പോകുന്നവരും ഷോപ്പിംഗിനും മറ്റുമായി ഇറങ്ങുന്നവരും എത്തുമ്പോള്‍ റോഡുകള്‍ തിങ്ങി നിറയും. 17-ാം തിയതിക്കും 24നുമിടയില്‍ 11.5 മില്യന്‍ ഉല്ലാസ യാത്രകള്‍ നടക്കുമെന്നാണ് പ്രവചനം. ക്രിസ്മസിനും ന്യൂഇയറിനുമിടയില്‍ ഇത് 17.5 മില്യന്‍ ആയി ഉയരും.

ഇത്രയും കാറുകള്‍ റോഡില്‍ എത്തുന്നത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന് ആര്‍എസി ട്രാഫിക് വക്താവ് റോബ് ഡെന്നീസ് പറഞ്ഞു. ഈ വര്‍ഷത്തെ ഫ്രാന്റിക് ഫ്രൈഡേ 22നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതിയിടുന്നവര്‍ ഈ ദിവസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില ഉയര്‍ന്നത് ഈ വിന്ററിലെ യാത്രകള്‍ ചെലവേറിയതാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 3 പൗണ്ട് കൂടുതലാണ് ഓരോ യാത്രകള്‍ക്കും ചെലവാകുന്നത്.