ലണ്ടന്‍: ക്രിസ്തുമസിനു മുമ്പ് പെട്രോള്‍ വില വര്‍ദ്ധിക്കുമെന്ന് ആര്‍എസിയുടെ മുന്നറിയിപ്പ്. ലിറ്ററിന് 3 പെന്‍സ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഹോള്‍സെയില്‍ ഇന്ധനവില ആറ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെയാണ് ഈ മുന്നറിയിപ്പ്. ഇതോടെ 55 ലിറ്റര്‍ ശേഷിയുള്ള ഫാമിലി കാര്‍ ഫുള്‍ടാങ്ക് നിറക്കണമെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ 1.65 പൗണ്ട് കൂടുതല്‍ മുടക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രെന്റ് ക്രൂഡ് വില 1.5 ശതമാനം വര്‍ദ്ധിച്ച് 65.72 ആയി. 2015ലാണ് ഇതിനു മുമ്പ് ഇത്രയും വില രേഖപ്പെടുത്തിയിട്ടുള്ളത്. ഫോര്‍ട്ടീസ് പൈപ്പ്‌ലൈനില്‍ വിള്ളലുണ്ടായത് മൂലം വിതരണം നിലച്ചതാണ് അന്ന് ഇന്ധനവില കൂടിയത്. നോര്‍ത്ത് സീയില്‍ നിന്ന് ഇന്ധനവും വാതകവും കൊണ്ടുവന്നിരുന്ന ഈ പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നാഴ്ചയാണ് അടച്ചിടേണ്ടി വന്നത്. ഇത്രയും കാലം അടച്ചിടേണ്ടി വന്നതു മൂലം പെട്രോളിനും ഡീസലിനും വിലക്കയറ്റമുണ്ടായി.

എന്നാല്‍ ഇപ്പോള്‍ ക്രിസ്തുമസ് കാലത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത് ആശ്വാസകരമല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ഉത്സവ കാലം ചെലവേറിയതാക്കി മാറ്റാനേ ഇത് ഉപകരിക്കൂ എന്ന് ആര്‍എസി വക്താവ് പറഞ്ഞു. യുകെയിലെ പ്രകൃതിവാതകത്തിന്റെ വിലയിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയയിലെ നാച്വറല്‍ ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയാണ് ഇതിന് കാരണം. വിന്ററില്‍ വീടുകളിലെ ഹീറ്റിംഗും ഇതോടെ ചെലവേറിയതാകുമെന്നാണ് കരുതുന്നത്.