ഗാന്ധിനഗര്‍ : ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ മോദിയുടെ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഗുജറാത്തിലെ ഭറൂച്ചില്‍ തെരെഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഗുജറാത്തില്‍ തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

എളുപ്പത്തില്‍ വ്യവസായം നടത്താന്‍ സാധിക്കുന്ന അന്തരീക്ഷമല്ല ഇന്ത്യയിലുള്ളത്. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് സകലതും കുഴപ്പത്തിലാക്കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെയും രാഹുല്‍ വിമര്‍ശിച്ചു. റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.

നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കുമായിരുന്നു. ഗുജറാത്തിലെ 90 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍വ്യവസായികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് അവിടെ പഠിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.