ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ കുറിച്ച് വാചാലനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ഇന്നലെ ബാഴ്‌സലോണ- അത്‌ലറ്റികോ മാഡ്രിഡ് മത്സരം നേരിട്ട് കണ്ടതിന് ശേഷമാണ് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കിയത്. ബാഴ്‌സലോണയുടെ അതിഥിയായിട്ടാണ് ദ്രാവിഡ് മത്സരത്തിനെത്തിയത്. ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യുവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് എന്നെഴുതിയ ബാഴ്‌സലോണ ജേഴ്‌സിയും ദ്രാവിഡ് സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന അഭിമുഖത്തില്‍ ദ്രാവിഡ് മെസിയെ കുറിച്ചും സംസാരിച്ചു. ദ്രാവിഡ് തുടര്‍ന്നു… പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അര്‍ജന്റൈന്‍ താരം. അദ്ദേഹത്തേക്കാള്‍ മികച്ച മറ്റൊരു ഫുട്‌ബോള്‍ താരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മെസി കളിക്കുന്നത് നേരില്‍ കാണുകയെന്നത് ഭാഗ്യമായി തന്നെ കരുതുന്നു. ക്യാംപ് നൂവില്‍ ഇരുന്ന് ബാഴ്‌സലോണയുടെ മത്സരം കാണുകയെന്ന് ആഗ്രഹിച്ച ഒരു കാര്യമാണെന്നും ദ്രാവിഡ്.

സ്‌റ്റേഡിയത്തിലെ അന്തരീക്ഷം അമ്പരപ്പിക്കുന്നതാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ മെസിയും സുവാരസും മറ്റു താരങ്ങളെല്ലാം തത്സമയം കളിക്കുന്നത് കാണുകയെന്നത് നേട്ടം തന്നെയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു. സുവാരസും മെസിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.