ശബരിമല പരിസരത്ത് സമരം നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. പമ്പാ പോലീസാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാഹുലാണ്. രാവിലെ മുതല്‍ ഇവര്‍ പന്പയിലും നിലയ്ക്കലിലുമായി തന്പടിച്ച്‌ നിരവധി വാഹനങ്ങള്‍ തടഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാര്‍ തടയുന്ന സ്ഥിതിയുണ്ടായിരുന്നു.

സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ നാമജപ പ്രാര്‍ഥനയ്ക്ക് എത്തിയ തന്ത്രികുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അതേ സമയം രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെടില്ലെന്നറിയിച്ചത്. തനിക്കെതിരെ കേസെടുത്ത പോലീസ് നടപടി ചോദ്യം ചെയ്താണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് കേസെടുത്തിരുന്നു. വിവിധ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വിശ്വാസികളെ ഭിന്നിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രകോപനപരമായ പ്രസ്താവന നടത്തി മതവിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്നാരോപിച്ച് അമ്പലപ്പു‍ഴ സ്വദേശിയാണ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതെ സമയം രാഹുൽ ഈശ്വറിനെ കടന്നാക്രമിച്ച് റിപ്പബ്ലിക് ചാനൽ മേധാവി അർണബ് ഗോസ്വാമി. ശബരിമല വിഷയത്തിൽ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകയെ അക്രമിച്ചതിനാണ് അർണബ് രാഹുലിനെ കടന്നാക്രമിച്ചത്.തങ്ങളുടെ റിപ്പോര്‍റായ പൂജ പ്രസന്നയെ ആക്രമിച്ചത് എന്തിനാണെന്നും സ്ത്രീകളെ ആക്രമിക്കുന്ന നിങ്ങള്‍ എവിടുത്തെ ഭക്തനാണെന്നും ചാനലിലെ തത്സമയ ഫോണ്‍ ഇന്‍ ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാഹുലിനോട് ആഞ്ഞടിച്ചു .പമ്പയിൽ സമരത്തിനു നേതൃത്വo നൽകുന്ന രാഹുലിനോട് വളരെ രോഷാകുലനായാണ് അർണബ് സംസാരിച്ചത്

“സ്ത്രീകളെ ആക്രമിക്കുന്നോ? എവിടുത്തെ ഭക്തരാണ് നിങ്ങള്‍. നിങ്ങള്‍ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നു. എന്നിട്ട് അടുത്തുള്ള സ്ത്രീയ്ക്ക് നേരെ ആക്രമണം നടത്തുന്നു. വെറും മുഖം മൂടികള്‍ മാത്രമാണ് നിങ്ങള്‍”.കഴിഞ്ഞ ഒരാഴ്ച്ചയായി ആക്രമണം ഇളക്കിവിടുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്ന് റിപ്പബ്ലിക് ചാനല്‍ മേധാവി പറഞ്ഞു. ഇത് താങ്കളുടെ ഭാര്യയുടേയോ അമ്മയുടേയോ സഹോദരിമാരുടേയോ നേര്‍ക്കായിരുന്നു ആക്രമണം എങ്കില്‍ എന്നും അര്‍ണബ് ചോദിച്ചു.

അർണബിന്റെ കടന്നുകയറ്റലിനോട് മാപ്പ് പറഞ്ഞുകൊണ്ട് രാഹുൽ ഈശ്വർ പ്രതികരിച്ചു.മാധ്യമപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതില്‍ താൻ ഖേദിക്കുന്നു എന്ന് പറഞ്ഞ രാഹുലിനോട് അത് മാത്രം പോരെന്ന് അര്‍ണബ് കടിച്ചു കീറി.ആക്രമിക്കള്‍ക്കെതിരെ രാഹുല്‍ ഈശ്വര്‍ തന്നെ വ്യക്തിപരമായി കേസ് നല്‍കണമെന്നും അത് ഇപ്പോള്‍ തന്നെ വേണമെന്നും അര്‍ണബ് ആവശ്യപ്പെട്ടു. സമ്മർദ്ധം സഹിക്കാൻ പറ്റാതെ ഒടുവില്‍ വഴങ്ങിയ രാഹുല്‍ ഈശ്വര്‍ കേസ് നല്‍കുമെന്ന് ഉറപ്പു നൽകുകയായിരുന്നു .

ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയുടെ വാഹനം നിലയ്ക്കലില്‍ സമരക്കാര്‍ അടിച്ചും എറിഞ്ഞും തകര്‍ക്കുകയായിരുന്നു. സമരക്കാരുടെ ആക്രമണം കാറിനുളളില്‍ യുവതികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു . തുടർന്ന് കയ്യിൽ ഉണ്ടായിരുന്ന പാറക്കല്ലുകള്‍ ഉപയോഗിച്ച്‌ സമരക്കാര്‍ കാര്‍ തല്ലിതരിപ്പണമാക്കുകയായിരുന്നു .