ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ 27-ാം പിറന്നാളായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന കൂട്ട നിരാഹാരത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഇന്നലെ രാത്രി മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്കൊപ്പമാണ് രാഹുല്‍. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്തിന്റെ മരണത്തിന് ഇടയാക്കിയവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കൊടിയില്‍ തൂങ്ങി രോഹിത് കഴിഞ്ഞ 19ന് ജീവനൊടുക്കിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികളുടെ മെഴുകുതിരിയേന്തിയ പ്രതിഷേധത്തിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന സമരപരിപാടിക്കും ഇന്ന് തുടക്കമാകും.

നീതിക്ക് വേണ്ടിയുള്ള രോഹിത്തിന്റെ കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടോയും പോരാട്ടത്തില്‍ പങ്കുചേരാനാണ് താന്‍ ഇവിടെയെത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രചരണ പരിപാടിക്കെതിരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എബിവിപി തെലങ്കാനയിലെ കോളേജുകളില്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല വൈസ് ചാന്‍സലര്‍ നാല് ദിവസത്തെ അവധിയെടുത്തു.