അഞ്ച് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ മൗനം വെടിഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ചത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വിശ്രമമില്ലാതെ ബിജെപി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്ക് തിരുത്താനും ഇതിലും ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനുമുള്ള ഊര്‍ജമാണ് ഇന്നത്തെ ഫലമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ അറിയിച്ചു. മൂന്ന് ട്വീറ്റുകളിലായാണ് മോദിയുടെ പ്രതികരണം.

എന്നാൽ തങ്ങളുടെ വിജയം കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ഗാന്ധി നന്ദി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ പരാജയപ്പെടുത്തിയെന്ന് രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി.