ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നാട്ടിലേയ്ക്ക് മടങ്ങാനായി തടിച്ചുകൂടിയത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരെ, ഇന്ത്യന്‍ പൗരന്മാരെ വീടുകളിലേയ്ക്ക് മടങ്ങുന്നതില്‍ ഇത്തരത്തില്‍ യാതന അനുഭവിക്കാനും അനിശ്ചിതത്വത്തിലേയ്ക്കും വിട്ടുനല്‍കിയ സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരത്തിലൊരു സാഹചര്യം നേരിടാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിനില്ല എന്നത് ലജ്ജാകരമാണ്. ഇതിലൊരാള്‍ക്കെങ്കിലും കൊവിഡ് ഉണ്ടെങ്കില്‍ അത് നൂറുകണക്കിനാളുകള്‍ക്ക് പകരുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ഹെഡ് ശ്രീവാസ്തവ, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് താഴെ ആശങ്ക പ്രകടിപ്പിച്ചു. ഇതിന്റെ ചെയിന്‍ റിയാക്ഷന്‍ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെത്തും. ഇത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും ശ്രീവാസ്തവ കുറ്റപ്പെടുത്തി.

ഉത്തർപ്രദേശ്, ഡൽഹി സർക്കാരുകൾ തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി പബ്ലിക്ക് ട്രാൻസ്പോർട്ട് ബസുകൾ ഏർപ്പെടുത്തി. 1000 ബസുകളാണ് യുപി സർക്കാർ ഏർപ്പെടുത്തിയത്.

അതേസമയം ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ 2000ത്തിനടുത്ത് പേരെയാണ് ഇന്നലെ രാത്രി മുതൽ തടഞ്ഞത്. പ്രധാനമന്ത്രിക്ക് ജനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനയുണ്ടായിരുന്നെങ്കില്‍, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതിന് പരമാവധി പബ്ലിസിറ്റി നേടാന്‍ നോക്കുന്നതിനേക്കാള്‍ വ്യക്തമായ പരിഹാര നിര്‍ദ്ദേശങ്ങളോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായിരുന്നു അദ്ദേഹം ശ്രമിക്കുക എന്ന് ട്വിറ്ററില്‍ വിമര്‍ശനമുയര്‍ന്നു.

ഇന്നലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹിയില്‍ നിന്ന് യുപിയിലെ വീടുകളിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്തത്. യുപിയിലെ ഉന്നാവോയില്‍ 80 കിലോമീറ്റര്‍ ദൂരമാണ് തൊഴിലാളികള്‍ നടന്നത്. യുപിയിലെ ബുദ്വാനില്‍ വീടുകളിലേയ്ക്ക് മടങ്ങാനായി റോഡിലിറങ്ങി നടന്ന തൊഴിലാളികളെ പൊലീസ് മുട്ടുകുത്തിച്ച് നടത്തിയത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഗുജറാത്തിലെ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം വീടുകളിലേയ്ക്ക് കൂട്ടത്തോടെ കാല്‍നടയായി മടങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് പറഞ്ഞ് പൊലീസ് തൊഴിലാളികളെ മര്‍ദ്ദിക്കുന്നതായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. പശ്ചിമ ബംഗാളിലെ തൊഴിലാളികള്‍ പൊലീസ് മര്‍ദ്ദിക്കന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജിയോട് പരാതിപ്പെട്ടിരുന്നു. ഫാക്ടറി, കമ്പനി ഉടമകളും വീട്ടുടമകളും താമസിക്കുന്ന സ്ഥലത്ത നിന്ന് ഇറക്കിവിടുന്നതും വരുമാനം മുടങ്ങുന്നതുമാണ് മിക്കവാറും തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നതിന് കാരണം.