കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക്. 25 ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 1,12,064 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീര്‍ രണ്ടാം സ്ഥാനത്താണ്. 68,246 വോട്ടുകള്‍ മാത്രമാണ് സുനീര്‍ നേടിയിട്ടുള്ളത്. വോട്ടെണ്ണല്‍ തുടരുകയാണ്.

അതേസമയം, കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അമേഠിയില്‍ രാഹുലിന് തിരിച്ചടി ലഭിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏഴായിരത്തോളം വോട്ടുകള്‍ക്ക് രാഹുല്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അമേഠിയില്‍ ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ ലീഡ് ചെയ്യുന്ന രാഹുലിന് സ്വന്തം മണ്ഡലമായ അമേഠിയില്‍ അടിതെറ്റുന്നത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്.

രാജ്യത്ത് വീണ്ടും മോദി തരംഗമെന്ന സൂചന നല്‍കി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് സൂചനകള്‍. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനും സാധ്യത തെളിയുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപിക്ക് തനിച്ച് 285 ഓളം സീറ്റില്‍ വിജയപ്രതീക്ഷ ഉണ്ട്. എന്‍ഡിഎ സഖ്യം 310 സീറ്റുകളില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചാല്‍ തന്നെ എന്‍ഡിഎക്കൊപ്പം എത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. യുപിഎ ഇതുവരെ ലീഡ് ചെയ്തിരിക്കുന്നത് 107 സീറ്റുകളാണ്. മറ്റുള്ളവര്‍ 125 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജനവിധി തേടുന്ന വാരണാസിയിൽ മികച്ച ലീഡോഡെയാണ് മോദി മുന്നോട്ട് പോകുന്നത്.

രാജ്യത്ത് 542 ലോക്സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.