കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ദേശീയ വാര്‍ത്താ ഏജന്‍സിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റോഡ് ഷോയ്ക്കിടെ പരിക്കേറ്റത്. ഇരുവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ച വാഹനത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇവരെ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

പരിക്കേറ്റവരുടെ അടുത്തേക്ക് എത്തിയ രാഹുല്‍ അവരെ ചേര്‍ത്ത് പിടിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ തന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനു ശേഷമാണ് രാഹുല്‍ മടങ്ങിയത്.

പരിക്കേറ്റ മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്ക് കയറ്റുന്നതുവരെ അയാളുടെ ഷൂസ് പിടിച്ചിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു.

അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ രാഹുല്‍ കോഴിക്കോട്ടേക്ക് മടങ്ങി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്കക്കൊപ്പമാണ് രാഹുല്‍ കോഴിക്കോട്ടേക്ക് പോയത്. റോഡ് ഷോയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ അനുഗമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്ന് വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ പിന്നീട് വയനാട്ടില്‍ എത്തും.