രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം. രാഹുല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് എഐസിസി നിലപാട് വ്യക്തമാക്കും. അതേസമയം അമേഠി തള്ളിക്കളയുമെന്ന് ഉറപ്പായതിനാലാണ് രാഹുല്‍ മറ്റ് മണ്ഡലങ്ങള്‍ അന്വേഷിക്കുന്നതെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തയാറായില്ല. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നലെ യോഗം ചേര്‍ന്നില്ല.കര്‍ണാടക, തമിഴ്നാട്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാഹുലിനെ മല്‍സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യയുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും എഐസിസി വക്താവ്‍ രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ജനങ്ങളുടെ വികാരം മാനിക്കുന്നെന്നും പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും സുര്‍ജേവാല വ്യക്തമാക്കി. അതേസമയം മല്‍സരിക്കാമെന്ന ഉറപ്പ് രാഹുല്‍ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലോ, പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണിയോ വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകിയതോടെ അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി രാഹുലിനെതിരെ രംഗത്തെത്തി.

അമേഠിയില്‍ ജനവികാരം എതിരാണെന്ന് മനസിലാക്കി രാഹുല്‍ ഒളിച്ചോടുകയാണെന്ന് അവര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്നുകൂടി മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അമേഠി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും ഗ്രൂപ്പുപോരുമെല്ലാം രാഹുലിന്റ വരവോടെ അപ്രസക്തമാകുമെന്ന പ്രതീക്ഷയിലാണ് അണികള്‍. രാഹുല്‍ വരുമെന്നറിഞ്ഞതോടെ ഇടതുകോട്ടകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പോലും ആത്മവിശ്വാസം ഇരട്ടിയായി.

രാഹുല്‍ഗാന്ധിയുടെ വരവില്‍ വലിയമാറ്റമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് വോട്ട് നിഷേധിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം രാഹുലിന്റ വരവോടെ ഇല്ലാതാകും. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും വയനാടിനെച്ചൊല്ലിയുള്ള ഗ്രൂപ്പുപോരും വോട്ടര്‍മാര്‍ മറക്കും. കേരളകോണ്‍ഗ്രസിലെ ഭിന്നതകള്‍ കോട്ടയം ഇടുക്കി മണ്ഡലങ്ങളില്‍ പോലും ബാധിക്കില്ല. ഇടതിന്റ ഉരുക്കുകോട്ടകളില്‍പോലും രാഹുലിന്റ വരവ് അട്ടിമറിയുണ്ടാക്കും. കോലീബി സഖ്യം ഉള്‍പ്പടെ ഇടതുപക്ഷത്തിന്റ ആരോപണങ്ങളുടെ മുനയൊടിഞ്ഞു കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.‍ഡി.എഫില്‍ നിന്ന് അകന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും യു.ഡി.എഫിന്റ പെട്ടിയില്‍ വീഴും. ബി.ജെ.പിയിലേക്ക് ഒഴുകാനിടയുള്ള ഭൂരിപക്ഷവോട്ടുകളിലും രാഹുലിന്റ വരവ് തടയിടും.

അക്രമരാഷ്ട്രീയം, കാര്‍ഷികപ്രതിസന്ധി തുടങ്ങി യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രചാരണആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടും. രാഹുല്‍ വയനാട്ടിലെത്തുന്നുവെന്ന് അറിഞ്ഞതോടെ മറ്റ് 19 മണ്ഡലങ്ങളിലെ പ്രചാരണരംഗത്തും ആവേശം ഇരട്ടിയായിട്ടുണ്ട്. രാഹുലിന്റ സ്ഥാനാര്‍ഥിത്വം മുഴുവന്‍ പ്രവര്‍ത്തകരെയും പ്രചാരണരംഗത്തേക്ക് ഇറക്കാന്‍ സഹായകരമാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.