കൊച്ചി: കല്ലട സുരേഷ് ട്രാവല്‍സ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ചതിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിരീക്ഷണം ശക്തമാക്കി വാഹന വകുപ്പും പോലീസും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ നടക്കുകയാണ്. ഇന്ന് രാവിലെ കൊച്ചി ഇടപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ചെക്ക് പോസ്റ്റുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധനകള്‍ നടക്കുന്നത്.

പരിശോധനയില്‍ നിരവധി ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആര്‍ ടി ഒ ജോസി പി ജോസ് പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാവും ആര്‍.ടി.ഒ തീരുമാനിക്കുക. നേരത്തെ കല്ലട സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൃത്യമായ രേഖകളില്ലാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.

അന്തര്‍സംസ്ഥാന ബസുകള്‍ കേന്ദ്രീകരിച്ച് അനധികൃത ചരക്ക് നീക്കം നടക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പാര്‍സല്‍ ഇനത്തില്‍ നികുതി വെട്ടിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ അതിര്‍ത്തി കടത്താന്‍ ഇത്തരം ബസുകള്‍ സഹായിക്കുന്നതായിട്ടാണ് സൂചന ലഭിച്ചിരിക്കുന്നത് ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായേക്കും. അതേസമയം ബംഗളൂരു ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് കഴിഞ്ഞ പോലീസിന്റെ അന്ത്യശാസനം ലഭിച്ചിരുന്നു. ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.