അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.

എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.

ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ്‌ പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.

ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത്‌ രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച്‌ പോകുന്നിടത്ത്‌ പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്