2011 ൽ കൊച്ചി ടസ്കേഴ്സ് കേരള ടീം ഐപിഎല്ലിന്റെ ഭാഗമായിരുന്നപ്പോൾ മാത്രമാണ് കേരളത്തിൽ ഐപിഎൽ മത്സരങ്ങൾ നടന്നിട്ടുള്ളത്. ഒരേയൊരു സീസൺ കളിച്ച് കൊണ്ട് കൊച്ചി ടസ്കേഴ്സ് ചരിത്രമായതോടെ കേരളത്തിൽ നിന്ന് ഐപിഎൽ മത്സരങ്ങളും പുറത്തായി. പിന്നീട് പല വർഷങ്ങളിലും കേരളത്തിൽ ഐപിഎൽ മത്സരങ്ങളിൽ ചിലത് നടന്നേക്കുമെന്ന് വാർത്തകൾ ഉയർന്നെങ്കിലും അത് വാർത്തകൾ തന്നെയായി അവസാനിച്ചു. അടുത്ത സീസൺ ഐപിഎല്ലിന് ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രം ബാക്കി നിൽക്കേ ഇപ്പോളിതാ വീണ്ടും കേരളം ഐപിഎല്ലിന് വേദിയായേക്കുമെന്ന് സൂചനകൾ പുറത്ത് വന്നിരിക്കുന്നു‌.

പ്രഥമ ഐപിഎൽ കിരീട ജേതാക്കളും മലയാളി താരം സഞ്ജു സാംസണിന്റെ ടീമുമായ രാജസ്ഥാൻ റോയൽസ് ഈ സീസൺ മുതൽ ഐപിഎല്ലിൽ പുതിയ തട്ടകത്തിലേക്ക് മാറാൻ സാധ്യതകളുണ്ട്. നിലവിൽ ജയ്പൂരാണ് ടീമിന്റെ ആസ്ഥാനം. അവരുടെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിന്റെ നിലവാരക്കുറവും, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളുമാണ് ജയ്പൂർ വിടാൻ രാജസ്ഥാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിൽ രാജസ്ഥാൻ, ജയ്പൂർ വിടുകയാണെങ്കിൽ തങ്ങളുടെ ഹോം മത്സരങ്ങൾ നടത്താൻ പുതിയ സ്റ്റേഡിയം അവർ കണ്ടെത്തേണ്ടി വരും. അങ്ങനെ വരുമ്പോൾ തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ്ബും മത്സരങ്ങൾ നടത്താൻ പരിഗണിച്ചേക്കും.

ടീമിലെ സൂപ്പർ താരമായ സഞ്ജു സാംസണിന്റെ നാടാണെന്നതും, തിരുവന്തപുരത്ത് കഴിഞ്ഞയിടയ്ക്ക് നടന്ന ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സഞ്ജുവിന് ഗ്യാലറിയിൽ നിന്ന് ലഭിച്ച പിന്തുണയും കാര്യവട്ടം സ്പോർട്സ് ഹബ്ബിനെ ഐപിഎൽ വേദിയാകാൻ തുണച്ചേക്കും. തിരുവനന്തപുരം ഐപിഎല്ലിന് വേദിയാകാൻ സാധ്യതകൾ ഉണ്ടെന്ന വാർത്ത മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ്‌സമ്മാനിക്കുന്നത്‌. എന്തായാലും നിലവിൽ ഇക്കാര്യത്തിൽ പുറത്ത് വരുന്ന സൂചനകൾ സത്യമാകണേയെന്ന പ്രാർത്ഥനയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.