പ്രളയദുരിതത്തിലകപ്പെട്ട്  അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി രാജസ്ഥാനികളുടെ കൈത്താങ്. പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘത്തിന്റെ കാരുണ്യ പ്രവർത്തനം പി.കെ ഷിബി എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. എറണാംകുളത്തു പനമ്പള്ളി നഗർ 11 ക്രോസ് റോഡിൽ താമസിക്കുന്ന മാർവാടികളാണ് ദുരിതക്കയത്തിൽ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്. എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. രണ്ടുലക്ഷം പൂരികളാണ് ഇവർ ദിവസേന ഒരുക്കുന്നത്.

പതിനഞ്ചാം തീയതി മുതൽ ഭക്ഷണമൊരുക്കാൻ തുടങ്ങിയ സംഘം ദുരിതം തീരുംവരെ പ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവരിൽ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് യുവതി കുറിപ്പിൽ പറയുന്നു. അഞ്ചു വയസ്സുള്ള കുട്ടി ഉൾപ്പടെ ഒത്തൊരുമയോടെ കാര്യങ്ങൾ ചെയ്യുന്നതു കാണുമ്പോൾ പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ തോന്നുന്നുവെന്നും ഷിബി പറയുന്നു. ഭക്ഷണമൊരുക്കുന്ന സംഘത്തിന്റെ വിഡിയോയും ഷിബി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം,

ഈ വിഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസം 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ… അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്‍ക്കും സമയാസമയത്ത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു….. !!

അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ…. വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ…. ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…!!

ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ….. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു.