തിരുവനന്തപുരം: ഫുട്‌ബോള്‍ ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കുറച്ച് ജനങ്ങളുടേയോ ആവേശമല്ല അത് ഒരു ഭൂഗോളത്തിന്റെ ജ്വരമാണ്. ലോകത്തിലേറ്റവും പ്രിയപ്പെട്ട കായിക വിനോദമായത് ഈ തുകല്പന്ത് തന്നെയാണ് … ലോകരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കായികമേളയായ ഒളിമ്പിക്‌സിനേക്കാള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് ലോകകപ്പ് ഫുട്‌ബോളാണ് എന്ന യാഥാര്‍ത്ഥ്യം മേല്‍പ്പറഞ്ഞ ജ്വരത്തിന്റെ ശക്തി നമുക്ക് മനസ്സിലാക്കി തരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കാല്‍പ്പന്തുകളിയുടെയും ക്രിക്കറ്റിന്റെയും ഹോക്കിയുടെയും വിത്ത് പാകിയപ്പോള്‍ ബാറ്റിന്റെയും സ്റ്റമ്പിന്റെയും ഹോക്കി സ്റ്റിക്കുകളുടെയും പിറകെ പോവാതെ കാല്‍പ്പന്തുകളിയെ ജീവനു തുല്ല്യം സ്‌നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റി ഫുട്‌ബോളിന്റെ മനോഹാരിതയെയും തനിമയെയും തെല്ലും നഷ്ടപ്പെടുത്താതെ അന്ന് മുതല്‍ ഇന്ന് വരെ കാത്തുസൂക്ഷിച്ച് പോരുന്ന രണ്ട് നാടുകളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. ഇന്ത്യന്‍ ഫുട്‌ബോളിന് തേജസ്സും ഓജസ്സും നല്‍കി സംരക്ഷിച്ചു പോന്ന ജനവിഭാഗങ്ങള്‍.

ഫുട്‌ബോള്‍ ദൈവം പെലെയുടെയും മറഡോണയുടെയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുടെയും ബെക്കന്‍ബോവറുടെയും ലെവ് യാഷിന്റെയും ബയെണ്‍ മ്യൂണിക്കിന്റെയും സ്പര്‍ശനം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച വംഗനാട് ആണ് ഒന്നാമത്തേതെങ്കില്‍ റൊണാള്‍ഡീന്യോയിലൂടെ ഫുട്‌ബോളിന്റെ മാന്ത്രിക സാന്നിധ്യം നേരിട്ട അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളമാണ് രണ്ടാമത്തേത്. നാട്ടിൽ നിന്നുള്ള പ്രവാസജീവിത യാത്രയിൽ മലയാളികൾ യുകെയിലും എത്തിച്ചേർന്നു. ഫുട്ബോളിന്റെ മാത്രിക ചെപ്പായ യുകെയിൽ തങ്ങളുടെ കുട്ടികൾക്ക് വേണ്ടി ലഭിക്കാവുന്ന നല്ല പരീശീലനം നൽകുവാൻ ഒരു  ഫുടബോള്‍ അക്കാദമി എന്ന സ്വപ്നത്തിന്റെ ആവിഷ്ക്കാരം… ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമിയുടെ ഉദയം..

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ മലയാളി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുടബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ രാജു ജോർജിനെ ആദരിച്ചു. വര്‍ഷങ്ങക്ക് ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരളാ സന്തോഷ് ട്രോഫി ടീം അംഗങ്ങള്‍ക്ക് ആദരം നല്കുന്ന വേദിയില്‍ വെച്ചാണ് കോട്ടയം കുറവിലങ്ങാട് സ്വദേശി രാജു ജോര്‍ജിനേയും ആദരിച്ചത്. ഇംഗ്ലണ്ടില്‍ മലയാളി കുട്ടികളുടെ കായികക്ഷമത ലക്ഷ്യമാക്കി ഫുട്‌ബോള്‍ പരിശീലനമെന്ന ആശയമിടുകയും ഇുപ്പോള്‍ 40 ലധികം വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് അക്കാദമി പരിശീലനം നല്കി വരികയും ചെയ്യുന്നുണ്ട്. കായിക മന്ത്രി എ.സി മൊയ്തീന്‍  മൊമെന്റോ നല്കി ആദരിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പിന്നാലെ ഓടിപ്പായുന്ന കാലഘട്ടത്തില്‍ കായികക്ഷമതയ്ക്കായി പ്രത്യേക പരിഗണന നല്കുന്ന ഈ പ്രവാസി കൂട്ടായ്മ ഏറെ ശ്രദ്ധേയമാണെന്നു കായികമന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ഐ മേത്തര്‍, കേരളാ കോച്ച് സതീവന്‍ ബാലന്‍, ക്യാപ്ടന്‍ രാഹല്‍ ആര്‍. രാജ്, കോച്ച് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ പരിശീലനത്തിന് മാനേജര്‍ ജോസഫ് മുള്ളന്‍കുഴി, അസി.മാനേജര്‍ അന്‍സാര്‍ ഹൈദ്രോസ് കോതമംഗലം, ബൈജു മേനാച്ചേരി ചാലക്കുടി, ജിജോ ദാനിയേല്‍ മൂവാറ്റുപുഴ തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.