തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസ് ആസൂത്രിതകൊലപാതകമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.

അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡഢാലോചന, ബലാല്‍സംഗം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിയാണ് പൂവാര്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 115 സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരെയുണ്ട്. മുഖ്യപ്രതികളായ അഖിലിന്റെയും രാഹൂലിന്റെയും അച്ഛന് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ വിചരണ ഉടന്‍ ആരംഭിക്കും.