ശ്രീരാമ ജന്മഭൂമി വിഷയത്തിൽ വളരെ വിവാദാസ്പദമായ ഒരു പ്രസ്താവനയുമായി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരു മന്ത്രി രംഗത്തു വന്നിരിക്കുകയാണ് . സഹകരണവകുപ്പുമന്ത്രിയായ മുകുട് ബിഹാരി വർമ്മയാണ് ഈ വിഷയത്തിൽ രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെത്തന്നെ സംശയത്തിലാക്കിക്കൊണ്ടുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയത്. “(അയോധ്യയിലെ) ശ്രീരാമക്ഷേത്ര നിർമ്മാണം ഞങ്ങളുടെ അജണ്ടയിൽ നേരത്തേയുള്ളതാണ്. വിഷയം ഇപ്പോൾ സുപ്രീംകോടതിയിലാണ്. ക്ഷേത്രം നിർമ്മിക്കുക തന്നെ ചെയ്യും, കാരണം സുപ്രീംകോടതി ഞങ്ങളുടേതാണ്. ഈ രാജ്യത്തെ ഭരണം ഞങ്ങളുടെയാണ്. ഈ രാജ്യവും ശ്രീരാമ ക്ഷേത്രവും ഞങ്ങളുടേതാണ്.” ബഹ്രൈച്ച് ജില്ലയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രിയുടെ ഈ വിവാദ പരാമർശമുണ്ടായത്. ANI ആണ് വാർത്ത പുറത്തുവിട്ടത്

വികസനം എന്ന മുദ്രാവാക്യവുമായാണ് ബിജെപി അധികാരത്തിലേറിയത്. ശ്രീരാമക്ഷേത്രനിർമ്മാണവും തീർച്ചയായും അധികം താമസിയാതെ നടപ്പിലാക്കാവുന്ന ഒരു പദ്ധതിയാണ്. അത് അധികം താമസിയാതെ നടപ്പിലാകും എന്ന് കരുതുന്നു. എന്തായാലും വീണുകിട്ടിയ മന്ത്രിയുടെ പ്രസ്താവന ചർച്ചയാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.

പ്രശ്നം വിവാദമായതോടെ പ്രസ്താവനയിൽ ഒരു വിശദീകരണവും മുകുട് ബിഹാരി വർമ്മ നൽകിയിട്ടുണ്ട്, ” നമ്മളൊക്കെയും ഈ രാജ്യത്തിലെ പൗരന്മാരാണ്. രാജ്യം നമ്മുടെ എല്ലാവരുടെയുമാണ്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയും. നമുക്ക് എല്ലാവർക്കും കോടതിയിൽ വിശ്വാസമുണ്ട്. അനുകൂലമായ വിധിവരുമെന്നാണ് ഞാൻ പറഞ്ഞത്..” എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.