കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ ജനവികാരം തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് രാമലീല തിയറ്ററില്‍ എത്തുന്നത്.

ചിത്രത്തിന് വമ്പന്‍ റീലിസൊരുക്കി മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യമാണ് ടോമിച്ചന്‍ മുളകുപാടം പയറ്റാന്‍ പോകുന്നതെന്നാണ് വിവരം. എന്നാല്‍ എല്ലാം തകിടം മറിച്ച് സിനിമക്കെതിരെ വനിതാ സംഘടനകള്‍ തിരിഞ്ഞത് രാമലീലയെ ബാധിക്കുമോ എന്ന സംശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനാവുന്ന രാമലീല എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാമലീലയെ പ്രോത്സാഹിപ്പിക്കണമെന്ന് വാദിക്കുന്നവരും സഹപ്രവര്‍ത്തകയെ ആക്രമിച്ച നടന്‍ നായകനാവുന്ന സിനിമ ഒരു കാരണവശാലും കാണരുതെന്ന് വാദിക്കുന്നവരുമുണ്ട്. ഈ വിഷയത്തില്‍ മലയാള സിനിമയിലെ വനിതാകൂട്ടായ്മയുടെ അഭിപ്രായം എന്താണെന്നറിയാനാണ് മലയാളികള്‍ മുഴുവന്‍ കാത്തിരുന്നത്.

ഇപ്പോഴിതാ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കികൊണ്ട് വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായ രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വനിതാ കൂട്ടായ്മ. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28 ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന വിവരം ലഭ്യമാക്കിയിട്ടില്ല