ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിംങ്ങളുടെയും പൂര്‍വികനായിരുന്നുവെന്ന് യോഗാ ഗുരുവും സംഘപരിവാര്‍ സഹയാത്രികനുമായി ബാബാ രാംദേവ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് ശ്രീരാമന്‍ മുസ്ലിംങ്ങളുടെയും പൂര്‍വികനാണെന്ന വിചിത്ര വാദവുമായി രാംദേവ് രംഗത്ത് വന്നത്.

രാമക്ഷേത്രം നിര്‍മിക്കേണ്ടത് അയോധ്യയിലാണ്. അല്ലാതെ, മക്കയിലോ മദീനയിലോ വത്തിക്കാനിലോ നിര്‍മിക്കാന്‍ സാധിക്കില്ലല്ലോ. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ളതല്ല. രാമന്റെ ജന്മസ്ഥലം അയോധ്യയാണ്. ക്ഷേത്രം രാജ്യത്തിന്റെ അഭിമാനമാകുമെന്നും ഗുജറാത്തില്‍ നടന്ന ഒരു ചടങ്ങില്‍ രാംദേവ് പറഞ്ഞു.

ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് രാംദേവിന്റെ പ്രതികരണം. ജനുവരി 29നാണ് കേസില്‍ വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എസ്എ ബോബ്‌ഡെയുടെ അസൗകര്യം മൂലം വാദം മാറ്റിവെച്ചിരുന്നു. പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാമക്ഷേത്രം അടുത്ത രണ്ട് വര്‍ഷത്തിനകം നിര്‍മിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നേരത്തെ ആവശ്യപ്പെട്ടിരുന്നു.