ലോക്കല്‍ ഇടി വാങ്ങുന്നോ! ഇത് നാടന്‍ മലയാളം റാപ്പ് സോങ്ങ്

January 10 07:00 2018 Print This Article

മലയാള സിനിമയില്‍ വളരെ ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടമാണല്ലോ ഇത്. മലയാള ഗാനങ്ങളിലും പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നു. വ്യത്യസ്ത ശ്രേണിയിലുള്ള ഗാനങ്ങള്‍ ഒരുക്കി വിജയിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേക നൈപുണ്യം ഉണ്ടെന്നു പറയാം. ഇത്തരത്തില്‍ വ്യത്യസ്തത നിറഞ്ഞ ഒരു സംഗീത ശ്രേണി ആണ് ഹിപ് ഹോപ് റാപ്പ്.

പാശ്ചാത്യ ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള, അവിടെ തരംഗം സൃഷ്ടിക്കുന്ന റാപ്പ് സംഗീതത്തെപ്പറ്റി നിങ്ങളും കേട്ടിരിക്കാം. താളാത്മകമായി, വ്യക്തമായ അര്‍ത്ഥത്തോടെ വാക്കുകള്‍ കോര്‍ത്തിണക്കി സംസാര ശൈലിയില്‍ ബീറ്റ്കള്‍ക്കൊപ്പം ഹിപ് ഹോപ് രീതിയില്‍ അവതരിപ്പിക്കുന്ന പാശ്ചാത്യ കലാരൂപമാണ് റാപ്പ് സംഗീതം.

മലയാളികള്‍ക്ക് മലയാളത്തില്‍ റാപ്പ് ഒരുക്കാന്‍ ആകുമോ? കഴിയും എന്നാണ് ഉത്തരം. ഇത്തരം റാപ്പ് ശൈലിയില്‍ മലയാള ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധ നേടുകയാണ് എറണാകുളം സ്വദേശിയായ ഫെജോ. ചടുലമായ താളത്തില്‍ ഇംഗ്ലീഷ് പദങ്ങളില്‍ ഒതുങ്ങാതെ, കുറിക്കു കൊള്ളുന്ന മലയാളം വരികളില്‍ റാപ്പ് എഴുതി അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യുട്യൂബിലും വാട്‌സാപ്പിലും വൈറല്‍ ആണ്.

സോഷ്യല്‍ മീഡിയ പെണ്ണ്, കുരുത്തക്കേടിന്‍ കിംഗ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലേ വിദ്യാര്‍ഥികളുടെ ദുരവസ്ഥ പറയുന്ന പ്രൈവറ്റ് അറവുശാല, കേരളത്തെ പാകിസ്താന്‍ ആക്കല്ലേ, മമ്മൂട്ടിയുടെ ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിക്ക് പിന്തുണയുമായി ഒരുക്കിയ ഭൂമിദേവി പൊറുക്കണേ എന്നീ മലയാളം റാപ്പ് ഗാനങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ‘ലോക്കല്‍ ഇടി’ എന്നൊരു നാടന്‍ ഫൈറ്റ് റാപ്പ് ആയാണ് ഫെജോ എത്തിയിരിക്കുന്നത്. നാട്ടിന്‍പുറത്ത് തല്ല് കൂടുന്ന കൗമാരക്കാര്‍ പാടുന്ന രീതിയില്‍ ആണ് ഗാനത്തിന്റെ രചന. രാവണപ്രഭു, യോദ്ധ എന്നീ സിനിമകളിലെ തകര്‍പ്പന്‍ മോഹന്‍ലാല്‍ ഡയലോഗുകള്‍ ചേര്‍ത്താണ് വരികള്‍ എഴുതിയിരിക്കുന്നത്.

യുട്യൂബില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ലോക്കല്‍ ഇടി ഗാനം കേള്‍ക്കാം

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles