ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജമ്മുവിലെ ബാലികയുടെ കുടുംബം വീടൊഴിഞ്ഞു; കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ അഭിഭാഷകരുടെ ശ്രമം

ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജമ്മുവിലെ ബാലികയുടെ കുടുംബം വീടൊഴിഞ്ഞു; കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ അഭിഭാഷകരുടെ ശ്രമം
April 12 09:27 2018 Print This Article

ശ്രീനഗര്‍: ജമ്മുവിലെ കുത്വാ രസനയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബം വീടൊഴിഞ്ഞു. കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം വീടൊഴിഞ്ഞിരിക്കുന്നത്.

മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംഭവ വികാസങ്ങളും ചൂടു പിടിക്കുന്നതിനിടെയാണ് കുടുംബം വീടൊഴിഞ്ഞതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്

അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കുത്വാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.

വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും കുത്വായിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ടുപേരില്‍ ഏഴുപേര്‍ക്കെതിരായ കുറ്റപത്രവും ക്രൈംബ്രാഞ്ച് മജിസ്‌ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ചു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോടതിയ്ക്ക് പുറത്തെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്‍ ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്.

കുറ്റാരോപിതരെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതോടെ ഹിന്ദു- മുസ്‌ലിം വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കാശ്മീര്‍ പൊലീസ് കേസില്‍ സിഖ് വംശജരായ രണ്ടു ഉദ്യോഗസ്ഥരെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജമ്മു പൊലീസിന്റെ തീരുമാനം. ഭൂപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രോസിക്യൂഷന്‍ വിങ്ങിലെ ചീഫ് പ്രോസിക്യൂട്ടിങ്ങ് ഓഫീസറാണ് ഭൂപീന്ദര്‍ സിങ്. ഹര്‍മീന്ദര്‍ സിങ് സാമ്പയിലെ ചീഫ് പ്രോസിക്യൂട്ടിങ് ഓഫീസറും.

Related News

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തില്‍ വെളിപ്പെടുന്നത് ക്രൂരതയുടെ ഭയാനക മുഖം
 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles