ഐപിഎല്ലില്‍ നാല് കോടി രൂപയ്ക്ക് സണ്‍റൈസസ് ഹൈദരാബാദ് സ്വന്തമാക്കിയ യുവസ്പിന്നര്‍ റാഷിദ് ഖാന്റെ അവിശ്വസനീയ പ്രകടന മികവില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് അഫഗാനിസ്ഥാന്‍. രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്.

ഇതോടെ ടി20യില്‍ വേഗത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ താരം എന്ന റെക്കോര്‍ഡ് റാഷിദ് ഖാന്‍ സ്വന്തമാക്കി. തനിക്ക് ലഭിച്ച ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഒബ്‌റീനും വില്യംസനെയും വീഴ്ത്തിയ റാഷിദ് രണ്ടാം ഓവറില്‍ റണ്‍സൊന്നും നല്‍കാതെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. തുക്കര്‍. തോംസണ്‍, എസികാര്‍ത്തെ എന്നിവരാണ് റാഷിദിന്റെ രണ്ടാം ഓവറില്‍ പുറത്തായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. 90 റണ്‍സെടുത്ത നജീബാ തറാകയ് ആണ് അഫ്ഗാനിനെ മികച്ച സ്‌കോറിലെത്തിച്ചത്. 58 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു തറായയ്യുടെ ബാറ്റിംഗ്.

മറുപടി ബാറ്റിംഗിനിങ്ങിയ അയര്‍ലന്‍ഡ് 11 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 93 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്നതിനിടെ മഴയെത്തി. തുടര്‍ന്ന് ഡെത്ത് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം അഫ്ഗാന്‍ 17 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. റാഷിദ് ഖാനെ കൂടാതെ കരീം ജനത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ ടി20 പരമ്പര 2-0ത്തിന് അഫ്ഗാന്‍ സ്വന്തമാക്കി.

നേരത്തെ ഐപിഎല്‍ താരലേലത്തില്‍ നാല് കോടി രൂപ സ്വന്തമാക്കി റാഷിദ് ഖാന്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. റാഷിദിനെ കൂടാതെ മറ്റൊരു അഫ്ഗാന്‍ താരമായ മുഹമ്മദ് നബിയും ഐപിഎല്‍ കളിക്കുന്നുണ്ട്.