ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷം ആകുമ്പോഴും പിന്‍വലിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ക്കാതെ റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ ഈ മറുപടി നല്‍കിയത്. 2017 സെപ്തംബര്‍ 30 വരെ 1,134 കോടി എണ്ണം 500 രൂപയുടേയും 524.90 കോടി എണ്ണം 1000 രൂപയുടേയും നോട്ടുകള്‍ പരിശോധിച്ചുവെന്നാണ് മറുപടി.

0.91 കോടി രൂപ മൂല്യമുള്ളതാണ് ഈ നോട്ടുകള്‍. സാഫിസ്റ്റിക്കേറ്റഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സിവിപിഎസ്) യന്ത്രങ്ങളാണ് ഇവ എണ്ണാന്‍ ഉപയോഗിച്ചതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

നോട്ട് നിരോധനത്തിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ലക്ഷ്യമിടുന്നത്. അതേസമയം നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 30 ന് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു.