കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്‌ സി.കെ. വിനീത്. വിനീതില്ലാത്തൊരു മഞ്ഞപ്പട കേരളത്തിന് സങ്കല്‍പ്പിക്കാനാവില്ല. ഇന്നലെ നടന്ന മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ 89-0ം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി റെഡ് കാര്‍ഡും കണ്ട് വിനീത് പുറത്തായപ്പോള്‍ ബ്ലാസ്‌റ്റേഴ്സ് ടീമിനെ മാത്രമല്ല കേരളക്കരയുടെ ആകെയൊന്ന് ഉള്ള് പിടച്ചു.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മത്സരം സമനിലയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍ഭാഗ്യം വിനീതിനെ ചുവപ്പുകാര്‍ഡിന്റെ രൂപത്തില്‍ വന്നു വേട്ടയാടിയത്. വലതു വിങ്ങിലൂടെ പന്തുമായി ക്വാര്‍ട്ടിലേക്ക് കുതിച്ച വിനീതിന് പക്ഷെ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരം മുതാലാക്കാന്‍ വിനീത് നൈസായി ശ്രമിച്ചതാണ് പക്ഷെ റഫറിയുടെ കണ്ണിലുടക്കി. എന്താണ് സംഭവിച്ചതെന്ന് റഫറി കൃത്യമായി കണ്ടിരുന്നു. പനാല്‍റ്റി ലഭിക്കാന്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് പക്ഷെ റഫറിയുടെ ചുവപ്പ് കാര്‍ഡാണ് കാണാനായത്.
മുംബൈ സിറ്റിക്കെതിരെ ഗോളടിക്കുമെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. അതിനായി കാത്തിരിയ്ക്കുകയുമായിരുന്നു സ്റ്റേഡിയം മുഴുവന്‍. 14ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസ് സീസണില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടി. വിങ്ങില്‍ വിനീത് മികച്ച നീക്കങ്ങളിലൂടെ മൈതാനം നിറഞ്ഞ് കളിക്കുകയും ചെയ്തു. എന്നാല്‍ വിനീതിന് ഗോളടിക്കാന്‍ കിട്ടിയ 3 അവസരങ്ങള്‍ പാഴാക്കിയത് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി.
28-ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് ഗോളി ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ വിനീതിന്റെ ഷോട്ട്. അനാവിശ്യ അഭിനയം നടത്തി വിനീത് രണ്ടാം മഞ്ഞക്കാര്‍ഡ് ചോദിച്ച് മേടിയ്ക്കുകയായിരുന്നു. ഇതോടെ ആര്‍ത്തിരമ്പിയ സ്റ്റേഡിയം നിശബ്ദമായി.
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഗ്രഹിച്ച ഗോള്‍ പിറന്നെങ്കിലും ആദ്യ വിജയം ബ്ലാസ്റ്റേഴ്സിന് നേടാനാവില്ല. മുംബൈ സിറ്റി രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല