ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറിയിട്ടില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍പിള്ള. ഇതു സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലമാണ് ചെങ്ങന്നു.

കഴിഞ്ഞ തവണ മികച്ച മുന്നേറ്റമായിരുന്നെങ്കില്‍ ഇത്തവണ ബിജെപി മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കും. സ്ഥാനാര്‍ഥി നിര്‍ണയം മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 2011ലെ നിയമാ സഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബിജെപിയുടെ നില അതീവ ദയനീയമായിരുന്നു. 6000 വോട്ടുകള്‍ മാത്രമാണ് അന്ന് ബിജെപി മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2016 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി തെരെഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഏതാണ്ട് 43000 ത്തോളം വോട്ടുകള്‍ കരസ്ഥമാക്കിയ ബിജെപി നേട്ടത്തിനു പിന്നില്‍ അന്ന് ശ്രീധരന്‍പിള്ളയായിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതു മുതല്‍ ബിജെപി പാളയത്തില്‍ ഉയര്‍ന്ന് കേട്ട പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. എന്നാല്‍ പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എംടി രമേശിന്റെയും പേര് സ്ഥാനാര്‍ഥി പരിഗണന പട്ടികയിലെത്തി. തുടര്‍ന്ന് ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. പവര്‍ പൊളിടിക്‌സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.