ജാക്ക് കാലിസ്. ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍. അന്നും എന്നും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ക്രിക്കറ്ററാണ് ഇദ്ദേഹം. എന്നാല്‍ ഒരു സുപ്രാതത്തില്‍ മീശയും താടിയും പാതി വടിച്ച് ആരാധകര്‍ക്ക് മുന്നില്‍ കാലിസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇങ്ങേര്‍ക്കിത് എന്തുപറ്റി? കായിക ലോകം അമ്പരപ്പ് മറച്ചുവെയ്ക്കുന്നില്ല. മുഖം പാതി വടിച്ച കാലിസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

എന്തായാലും കാലിസ് ഉദ്ദേശിച്ചതും ഇതുതന്നെ. കാരണം വംശനാശം നേരിടുന്ന കണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള ബോധവത്കരണ ക്യാംപയിനിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരണം. ഇതിനായി പുതിയ ചാലഞ്ച് ഏറ്റെടുത്തതാണ് ജാക്ക് കാലിസ്. ചാലഞ്ച് പ്രകാരം പാതി മീശയും താടിയും വടിച്ചു കളഞ്ഞു താരം. ഇതേ ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ കാലിസ് പങ്കുവെച്ചത്. എന്തായാലും കാരണം അറിഞ്ഞതോടെ ലോകത്തിന്റെ നാനാഭാഗത്തു നിന്നും താരം കയ്യടി ഏറ്റുവാങ്ങുകയാണ്.

ഇതിനോടകം നിരവധി ആളുകള്‍ ക്യാംപയിന്റെ ഭാഗമായി ഈ ചാലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. ബോധവത്കരണത്തിനൊപ്പം കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നല്ലൊരു തുക സമാഹരിക്കാനും ക്യാംപയിന്‍ ലക്ഷ്യമിടുന്നുണ്ട്.

കാലിസിന്റെ കാര്യം പറഞ്ഞാല്‍ രണ്ടു പതിറ്റാണ്ട് നീളുന്ന ഐതിഹാസിക ക്രിക്കറ്റ് ചരിത്രമുണ്ട് താരത്തിന് പറയാന്‍. 1995 മുതല്‍ 2014 വരെ രാജ്യാന്തര ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു കാലിസ്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും കാലിസ് എന്ന ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കുറിച്ച അളവുകോലുകള്‍ ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

കരിയറില്‍ 328 ഏകദിനങ്ങളാണ് കാലിസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. 17 സെഞ്ച്വറികളും 86 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 11,579 റണ്‍സ് ഏകദിനത്തില്‍ മാത്രം താരം കുറിച്ചിട്ടുണ്ട്. ബാറ്റിങ് ശരാശരി 44.36. 166 മത്സരങ്ങളില്‍ നിന്നും 13,289 റണ്‍സാണ് ടെസ്റ്റില്‍ കാലിസ് നേടിയിരിക്കുന്നത്. 45 സെഞ്ച്വറികളും 58 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ബാറ്റിങ് ശരാശരി 55.37. നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും പതിനായിരം റണ്‍സ് കടന്ന ഏക ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനും കാലിസ് തന്നെ.

കരിയറില്‍ ആകെ 25 ട്വന്റി-20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കായി കാലിസ് കളിച്ചിരിക്കുന്നത്. അഞ്ചു അര്‍ധ സെഞ്ച്വറിയടക്കം 666 റണ്‍സ് കുട്ടിക്രിക്കറ്റിലും താരം സമ്പാദിച്ചു. ബൗളിങ് വിഭാഗത്തിലും ഒട്ടും മോശക്കാരനല്ല ഈ ഇതിഹാസ താരം. 273 വിക്കറ്റുകളുണ്ട് ഏകദിനത്തില്‍ കാലിസിന്റെ പേരില്‍. ടെസ്റ്റില്‍ 292 വിക്കറ്റുകളും കാലിസ് വീഴ്ത്തിയിട്ടുണ്ട്. 2012 -ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യമായി ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ കാലിസുമുണ്ടായിരുന്നു ടീമില്‍. ശേഷമാണ് കൊല്‍ക്കത്തയുടെ പരിശീലകനായി കാലിസ് ചുമതലയേറ്റത്.

 

 

View this post on Instagram

 

Going to be an interesting few days. All for a good cause 😂🙈Rhinos and golf development @alfreddunhill

A post shared by Jacques Kallis (@jacqueskallis) on