ലണ്ടന്‍: സാല്‍മൊണെല്ല ബാക്ടീരിയ ബാധ തെളിഞ്ഞതിനാല്‍ ആഗോള കണ്‍ഫെക്ഷണറി ഭീമന്‍ മാഴ്‌സ് തങ്ങളുടെ ചില ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഗ്യാലക്‌സി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍, മിന്‍സ്ട്രല്‍സ്, മാള്‍ട്ടേസേഴ്‌സ് ടീസേഴ്‌സ് എന്നീ ബ്രാന്‍ഡുകളാണ് പിന്‍വലിച്ചത്. ജനപ്രിയ ബ്രാന്‍ഡുകളാണ് അണുബാധ ഭീഷണിയേത്തുടര്‍ന്ന് പിന്‍വലിച്ചതെന്ന് കമ്പനി അറിയിച്ചു. 2018 മെയ് 6, മെയ് 13 എന്നീ തിയതികള്‍ എക്‌സപയറിയായി രേഖപ്പെടുത്തിയിരിക്കുന്നവയാണ് പിന്‍വലിച്ചത്.

ഈ ബാച്ചിലുള്ള ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വളരെ കുറച്ച് മാത്രമേ യുകെയിലും അയര്‍ലന്‍ഡിലും വിതരണം ചെയ്തിട്ടുള്ളുവെന്നാണ് മാഴ്‌സ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പരാതികളൊന്നും ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായി കമ്പനി സ്വയമെടുത്ത തീരുമാനമാണ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാനുള്ളതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവുമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും മാഴ്‌സ് വ്യക്തമാക്കി. ഈ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചില ചേരുവകളില്‍ സാല്‍മൊണെല്ല ബാധയുണ്ടാകാന്‍ സാധ്യതയുതള്ളതിനാലാണ് ഇവ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഈ ചോക്ലേറ്റുകള്‍ വാങ്ങിയവര്‍ അത് ഭക്ഷിക്കരുതെന്നും അവ മാഴ്‌സിന്റെ കണ്‍സ്യൂമര്‍ കെയര്‍ ടീമുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ചാല്‍ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിക്കുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റികളും ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും ഈ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കാനാണ് ശ്രമമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം മാഴ്‌സിന്റെ മറ്റു ബ്രാന്‍ഡുകള്‍ സുരക്ഷിതമാണെന്നും പ്രസ്താവന പറയുന്നു.