ലണ്ടന്‍: സമീപകാലത്ത് ലണ്ടന്‍ നഗരം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പലരും തലസ്ഥാന ഗനരം ഉപേക്ഷിച്ച് പോകുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ 2 ബെഡ് റൂം ഫ്‌ളാറ്റുകള്‍ക്ക് പകരമായി നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും വലിയ വീടുകള്‍ സ്വന്തമാക്കാന്‍ ഒഴിഞ്ഞു പോകുന്നവര്‍ക്ക് സാധിക്കും. ലണ്ടനിലെ വീടുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു സ്ഥലങ്ങളില്‍ ശരാശരി പ്രൊപ്പര്‍ട്ടി വില കുറവാണ്.

നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും മിഡ്‌ലാന്‍ഡ്‌സിലും ശരാശരി 424,610 പൗണ്ട് മാത്രമാണ് ലണ്ടന്‍ നിവാസികള്‍ പുതിയ വീടുകള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ ലണ്ടന്‍ നഗരത്തിലെ ഫ്‌ലാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വീടുകള്‍ വലിപ്പത്തിലും സ്ഥല സൗകര്യത്തിലും മുന്നില്‍ നില്‍ക്കുന്നവയുമാണ്. ലണ്ടനിലെ അറ്റാച്ചഡ് 2-ബെഡ്‌റൂം ഫ്‌ളാറ്റിന് നല്‍കുന്ന വില മാത്രമെ ബ്രര്‍മിംഗ്ഹാമിലെ മാര്‍ക്കറ്റിനടുത്ത് ഒരു വലിയ കെട്ടിടം സ്വന്തമാക്കാന്‍ നല്‍കേണ്ടി വരുന്നുള്ളു. ലണ്ടനിലുള്ള വീട് വിറ്റു നോര്‍ത്തേണ്‍ പ്രദേശങ്ങളിലേക്ക് വരുന്നവര്‍ക്ക് ജീവിത സാഹചര്യങ്ങളും ചെലവുകളും കുറയുന്നതായിട്ടും പഠനം കണ്ടെത്തിയിട്ടുണ്ട്.

ലണ്ടന്‍ നഗരത്തിന് പുറത്തായി 2018ന് തുടക്കത്തിലുള്ള ആറ് മാസത്തിനിടയില്‍ 30,000 പേരാണ് പുതിയ വീടുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് മനസിലാക്കാം. ഇവയില്‍ ഭൂരിഭാഗം പേരും നാര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കും മിഡ്‌ലാന്‍ഡ്‌സിലേക്കുമാണ് താമസം മാറ്റിയിരിക്കുന്നത്. 2008ല്‍ 7 ശതമാനം താമസം മാറ്റം മാത്രമാണ് ഉണ്ടായിരുന്നത് എന്നാല്‍ നിലവില്‍ ഇത് 21 ശതമാനമായി ഉയര്‍ന്നു. വേതനത്തിന്റെ 50 ശതമാനം വരെ വാടക ഇനത്തില്‍ ലണ്ടന്‍ നിവാസികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ നോര്‍ത്തേണ്‍ പ്രദേശങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ ഈ ഇനത്തില്‍ ചെലവ് വരുന്നുള്ളു. ലണ്ടനില്‍ ശരാശരി 2500 പൗണ്ടാണ് ശരാശരി വാടക.