ലണ്ടന്‍: എന്‍എച്ച്എസ് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ട്. 40,000ത്തോളം നേഴ്‌സിംഗ് പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് വിവരം. 2013ലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇത്. ട്രസ്റ്റുകളില്‍ നിന്ന് റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗ് വിവരാവകാശ നിയമപ്രകാരം നേടിയ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഒമ്പതില്‍ ഒരു പോസ്റ്റ് വീതം ഒഴിഞ്ഞു കിടക്കുന്നതായാണ് കണക്ക്. രജിസ്‌റ്റേര്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നത് കുറവാണെന്നും ഈ രേഖകള്‍ പറയുന്നു. ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യപ്പെട്ടതും പ്രവൃത്തിവരിചയമുള്ളതുമായ നഴ്‌സുമാരെ നിയമിക്കുന്നതിനു പകരം ചെലവുചുരുക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നതാണ് ഈ വിധത്തിലുള്ള നിയമനങ്ങള്‍ക്ക് കാരണമെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ ജാനറ്റ് ഡേവിസ് പറഞ്ഞു. ആര്‍സിഎന്നിനു വേണ്ടി കോംറെസ് നടത്തിയ സര്‍വേയില്‍ യുകെയിലെ നാല് രാജ്യങ്ങളിലും അഞ്ചില്‍ നാല് എന്‍എച്ച്എസ് നഴ്‌സിംഗ് ഡയറക്ടര്‍മാര്‍ തങ്ങളുടെ ആശങ്ക അറിയിച്ചു. ജീവനക്കാരുടെ കുറവ് കൂടാതെ സാമ്പത്തിക പ്രതിസന്ധി മൂലം സേവനനിലവാരം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന പ്രശ്‌നവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നഴ്‌സിംഗ് വേക്കന്‍സികള്‍ വര്‍ദ്ധിക്കുന്നുണ്ട്. നഴ്‌സിംഗ് ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമായി വെട്ടിക്കുറക്കാനുള്ള ടോറി സര്‍ക്കാര്‍ തീരുമാനം ഇവര്‍ ജോലിയുപേക്ഷിച്ച് പോകുന്നതിന് കാരണമാകുന്നുവെന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ബ്രെക്‌സിറ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്.