വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും മഴ തുടരുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നാളെ മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതികളില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി

തീവ്രമഴ വടക്കന്‍ജില്ലകളില്‍ നിന്ന് ഇന്ന് പകലും ഒഴിഞ്ഞു നിന്നു. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍വെരയുള്ള ജില്ലകളില്‍ 10 സെന്‍റി മീറ്ററില്‍താഴെ മഴയെ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. പക്ഷെ അതിനിടയിലും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒഡീഷ തീരത്തുകൂടി കരയിലേക്ക് കടന്ന ന്യൂന മര്‍ദ്ദം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴകൊണ്ടുവന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യത ഉയര്‍ന്നതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടുമുണ്ട്.

മഴ അല്‍പ്പം മാറിയതോടെ ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് ആളുകള്‍വീടുകളിലേക്ക് മടങ്ങി തുടങ്ങി . ഇപ്പോള്‍ 1243 ക്യാമ്പുകളിലായി 2,24,000 പേരാണുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11,142 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശനിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കൂടുതല്‍മെച്ചപ്പെടുമെന്നാണ് കാല്വസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.