ലണ്ടന്‍: റെഡ് വൈന്‍ ആരോഗ്യപ്രദമാണെന്ന വാദം വാസ്തവ വിരുദ്ധമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ചുവന്ന വൈന്‍ അര്‍ബുദസാധ്യത കുറയ്ക്കുമെന്നും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നുമുളള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെ കാറ്റില്‍ പറത്തുകയാണ് ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ട്. മിതമായ അളവില്‍ ചുവന്ന വൈന്‍ കഴിക്കുന്നതിലൂടെ ഓര്‍മക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. ദിവസം ഒരു ഗ്ലാസ് ചുവന്ന വൈന്‍ കഴിയ്ക്കുന്നത് സ്തനാര്‍ബുദ സാധ്യത പതിമൂന്ന് ശതമാനം കൂട്ടുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ചുവന്ന വൈനിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും മറവിരോഗത്തെ പ്രതിരോധിക്കുമെന്നുമായിരുന്നു നേരത്തെയുളള കണ്ടെത്തലുകള്‍. എന്നാല്‍ ചുവന്ന വൈന്‍ കുടിയ്ക്കുന്നതിലൂടെ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉളളതെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിലും കുറവ് ഭക്ഷണം കഴിയ്ക്കുന്നത് പോലെയും അമിത വ്യായാമം ചെയ്യുന്നത് പോലെയുമാണ് റെഡ് വൈന്‍ കഴിയ്ക്കുന്നത് എന്നാണ് പുതിയ പഠനം പറയുന്നത്. ആഴ്ചയില്‍ കുറച്ച് ദിവസം മദ്യപാനം ഒഴിവാക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

മദ്യപിക്കാന്‍ തോന്നുന്ന സമയത്ത് വെളളം കുടിയ്ക്കാനും ഭക്ഷണം കഴിക്കാനും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ മദ്യപാനം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രായ പൂര്‍ത്തിയായ അഞ്ചിലൊരാള്‍ മദ്യപിക്കുന്നില്ലെന്ന് പുതിയൊരു പഠനം പറയുന്നു. ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പുരുഷന്‍മാര്‍ക്ക് ഒരുദിവസം രണ്ട് മുതല്‍ മൂന്ന് യൂണിറ്റ് മദ്യം വരെ കുടിയ്ക്കാന്‍ രാജ്യത്ത് അനുമതിയുണ്ട്. അല്ലെങ്കില്‍ ഒന്നും ഹാഫ് വൈനും ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് യൂണിറ്റ് വരെ മദ്യമാകാം. അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍ എന്നതാണ് രാജ്യത്തെ മദ്യപാനത്തോത്.