കോവിഡ് പോരാട്ടത്തിലെ ‘വലിയ പ്രതിസന്ധി’ ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ ജനങ്ങളുടെ അമിതവണ്ണം പ്രശ്നമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുകെയിലെ ജനങ്ങളിൽ പൊതുവായി കണ്ടുവരുന്ന അമിതവണ്ണം കുറയ്ക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

‘അമിതവണ്ണത്തോടു സ്വതന്ത്ര നിലപാടാണു ഞാനെടുത്തിരുന്നത്. യഥാർഥത്തിൽ അമിതവണ്ണക്കാരുടെ എണ്ണമെടുത്താൽ, ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എൻഎച്ച്സിനുണ്ടാകുന്ന ജോലിസമ്മർദം നോക്കിയാൽ ഭയം തോന്നുന്നു. ഇതര യൂറോപ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ മനോഹര രാജ്യത്തുള്ളവർക്കു തടി കൂടുതലാണ്. അമിതവണ്ണത്തെ നിയന്ത്രിക്കാനായാൽ നമ്മൾ കൂടുതൽ സന്തോഷമുള്ളവരും ആരോഗ്യമുള്ളവരും കോവിഡ് പോലുള്ള രോഗങ്ങളോടു പ്രതിരോധ ശക്തിയുള്ളവരുമാകും’– ടൈംസ് റേഡിയോയിൽ ബോറിസ് ജോൺസൺ വ്യക്തമാക്കി.

കോവിഡ് മഹാമാരി തന്നെയും രാജ്യത്തെയും സാരമായി ബാധിച്ചതോടെയാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായത്. ഏപ്രിലിൽ കോവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുമ്പോൾ തന്റെ വണ്ണം കുറഞ്ഞതായും അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലിതെന്നു പറഞ്ഞ അദ്ദേഹം, അമിതവണ്ണം കുറയ്ക്കാൻ ‘ഷുഗർ ടാക്സ്’ ഉൾപ്പെടെ കൊണ്ടുവരുമോയെന്ന ചോദ്യത്തോടു നേരിട്ടു പ്രതികരിച്ചില്ല. ഇതുവരെ 43,000ലേറെ ആളുകളാണു യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചത്.