കഴിഞ്ഞ പതിന്നാലര വര്‍ഷമായി ഗ്ലാസ്‌ഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായിരുന്നു റെജി പോളും കുടുംബവും. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ റെജിയ്ക്കും കുടുംബത്തിനും പിന്നിൽ  ബന്ധുക്കളും സുഹൃത്തുക്കളും ഒരു താങ്ങായി നിലകൊണ്ടിരുന്നു. എന്നാൽ   പ്രാര്‍ത്ഥനകളും ചികിത്സകളും എല്ലാം വിഫലമാക്കി ഇന്നലെ റെജി മരണത്തിനു കീഴടങ്ങിയതോടെ അവരുടെ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഗ്ലാസ്‌ഗോയിലെ റെജി പോള്‍ എന്ന മലയാളി നഴ്‌സ് 45ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയപ്പോള്‍, സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും അനുഭവപ്പെട്ട മനോവികാരം ഒന്നുതന്നെയായിരുന്നു…. വിധിയുടെ വിളയാട്ടം… അല്ലാതെന്തു പറയാൻ…

കഴിഞ്ഞ ഒന്നര ദശാബ്ദത്തോളം ഗ്ലാസ്‌ഗൊ മലയാളികള്‍ക്കെല്ലാം സുപരിചിതയായിരുന്നു റെജിപോളും കുടുംബവും. മലയാളി അസ്സോസിയേഷന്റേത് അടക്കമുള്ള പരിപാടികളിലെല്ലാം സജീവ സാന്നിധ്യം. സ്‌നേഹിതര്‍ക്കാകട്ടെ ഈ കിഴക്കമ്പലത്തുകാരി എപ്പോഴും സ്‌നേഹവും സന്തോഷവും പകരുന്ന കൂട്ടുകാരിയും ആയിരുന്നു. ഒരു വര്‍ഷം മുൻപ്  മാത്രമാണ് റെജിപോളിനെ അര്‍ബുദം കാര്‍ന്നുതിന്നു തുടങ്ങിയ വിവരം പരിശോധനയിലൂടെ അറിയുന്നത്. അറിയാന്‍ വൈകിയതിനാല്‍ത്തന്നെ രോഗം വല്ലാതെ മൂര്‍ഛിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഭര്‍ത്താവിനും മക്കള്‍ക്കും സ്‌നേഹിതര്‍ക്കുമൊപ്പം ജീവിച്ചു കൊതിതീരുംമുമ്പെ റെജിപോള്‍ എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയും കോതമംഗലം പ്ലാംകുഴി വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യയുമാണ് റെജിപോള്‍. മെഡിസിനു പഠിക്കുന്ന ഫേഹ പോളും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ കെസിയ പോളുമാണ് മക്കള്‍. ഇപ്പോള്‍ സെന്റ് മാര്‍ഗരെറ്റ് ഹോസ്‌പൈസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഏറെ വര്‍ഷക്കാലം മസ്‌ക്കറ്റില്‍ ജോലി ചെയ്തതിനു ശേഷമാണ് പോളും കുടുംബവും യുകെയില്‍ എത്തിയത്.