മെൽബൺ : മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് കടകളിലും ഹോട്ടലുകളിലും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ദുരുപയോഗം ചെയ്തതിന് പ്രവാസി കേരളാ കോൺഗ്രസ് നേതാവും ഓസ്ട്രേലിയ ഗ്ലോബൽ മലയാളി കൗൺസിൽ പ്രസിഡന്റുമായ റെജി മാത്യു പാറയ്ക്കനെ നാലായിരം ഡോളര്‍ പിഴ അടക്കാനും ഒരു വർഷത്തെ നല്ല നടപ്പിനും റിംഗ് വുഡ് കോടതി ശിക്ഷിച്ചു. ഒരു ഓസ്ട്രേലിയാക്കാരൻ കടയില്‍ മറന്നു വച്ച ക്രെഡിറ്റ് കാർഡ് പേപാസ്സ് എന്ന ആനുകൂല്യം പറ്റി നൂറുഡോളറിന് താഴെ പല കടകളിലും ഹംഗറിജാക്സ്, മാക്കേഴ്സ്, മറ്റ് ഹോട്ടലുകൾ എന്നിവിടങ്ങളിലും ഉപയോഗിച്ചതിനാണ് കോടതി ശിക്ഷിച്ചത്..

പരാതിക്കാരൻ റോവിൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെജി പാറയ്ക്കന്‍ കുടുങ്ങിയത്. ക്രെഡിറ്റ് കാർഡ് പല സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കൃത്യമായ തെളിവ് സഹിതമാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് റോവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയും റിംഗ് വുഡ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്.

കോടതി പ്രതിയ്ക്കെതിരെ മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്. വിധി പകർപ്പിൽ ബെർവിക്കിലും ഡാൻഡിനോംഗിലും പല സ്ഥലങ്ങളിൽ ഈ മോഷ്ടിച്ച കാർഡുപയോഗിച്ചതായി പറയുന്നുണ്ട്. ധാരാളം മലയാളികളുള്ള ഓസ്ട്രേലിയായിൽ മലയാളികൾക്കാകെ അപമാനം വരുത്തിവച്ച ഈ നടപടി മലയാളികൾക്ക് നാണക്കേടായി മാറി.