4ജി ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ഇന്ത്യന്‍ ടെലികോം രംഗത്ത് താരിഫ് യുദ്ധത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ മിനിറ്റിന് മൂന്ന് രൂപാ നിരക്കില്‍ രാജ്യാന്തര കോളുകളും ഓഫര്‍ ചെയ്യുന്നു. ‘റേറ്റ് കട്ടര്‍ പ്ലാന്‍’ ആക്ടിവേറ്റ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് രാജ്യാന്തര കോള്‍ നിരക്കുകള്‍ കുറക്കാമെന്ന് ജിയോ സൈറ്റില്‍ പറയുന്നു.

ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപൂര്‍, അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ഫ്രെഞ്ച് ഗ്യുനിയ, ഇറ്റലി, ലക്‌സംബര്‍ഗ്, മാള്‍ട്ട, മംഗോളിയ, മൊറോക്ക, പോളണ്ട്, പോര്‍ച്ചുഗല്‍, പ്യൂട്ടോറിക്ക, റൊമാനിയ, സ്വീഡന്‍, സ്വിസ്റ്റര്‍ലന്‍ഡ്, തായ്‌വാന്‍, എന്നീ രാജ്യങ്ങളിലേക്കും മിനിറ്റിന് മൂന്ന് രൂപാ നിരയ്ക്കില്‍ വിളിക്കാം. 501 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് ജിയോ റേറ്റ് കട്ടര്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം.

ഫ്രാന്‍സ്, പാകിസ്താന്‍, ഇസ്രായേല്‍, ജപ്പാന്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് വിളിക്കാന്‍ മിനിറ്റിന് 4.8 രൂപയാണ് നിരയ്‌ക്കെന്നും ജിയോ സൈറ്റില്‍ പറയുന്നു.

വിദേശത്തേക്ക് യാത്ര ചെയ്യുന്ന പോസ്റ്റ് പെയ്ഡ് യൂസര്‍മാര്‍ക്ക് കുറഞ്ഞ നിരയ്ക്കില്‍ ഡേറ്റ നല്‍കുമെന്ന് ഞായറാഴ്ച്ച എയര്‍ടെല്‍ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് യൂസറുടെ ഡേറ്റാ ഉപയോഗം മിനിമം പാക്ക് വാല്യുവിനേക്കാള്‍ കൂടിയാല്‍ സ്വയമേ ഡിസ്‌ക്കൗണ്ടഡ് പ്ലാന്‍ ആക്ടിവേറ്റ് ആകുമെന്നാണ് എയര്‍ടെല്ലിന്റെ വാഗ്ദാനം. ഇതിനു പിന്നാലെയാണ് ജിയോയും രാജ്യാന്തര കോള്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ട്രായ്‌യുടെ നിര്‍ദേശ പ്രകാരം ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ പിന്‍വലിച്ച ശേഷം ‘ധന്‍ ധനാ ധന്‍’ ആയിരുന്നു ജിയോയുടെ ആവനാഴിയിലെ അടുത്ത ആയുധം. 309 രൂപയില്‍ തുടങ്ങുന്ന റീചാര്‍ജ് പായ്ക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റയാണ് ഓഫര്‍. ജിയോ ‘ധന്‍ ധനാന്‍ ധന്‍’ പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ കമ്പനികള്‍ പ്രത്യേക റീചാര്‍ജ് പ്ലാനുകളുമായി രംഗത്ത് വരുകയും ചെയ്തു.