നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിപ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകൾ. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിൽസയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഇപ്പോഴും തീവ്രനിരീക്ഷണത്തിലാണ്. ബാക്കി 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. ഐസലേഷേൻ വാർഡിലെ കിടക്കകളുടെ എണ്ണം എട്ടിൽ നിന്ന് മുപ്പത്തിരണ്ടായി ഉയർത്തിയിട്ടുണ്ട്.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.