ഗായിക രഞ്ജിനി ജോസിന്റെ കുടുംബത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സാമ്പത്തിക തട്ടിപ്പ്, പണമിടപാട് കേസ് തുടങ്ങി ഏറ്റവുമൊടുവില്‍ രഞ്ജിനിയുടെ പിതാവ് അറസ്റ്റിലാണെന്നു വരെ വാര്‍ത്തകള്‍ വന്നു. ഇതിലെല്ലാം എന്തെങ്കിലും വാസ്തവമുണ്ടോ? രഞ്ജിനി ജോസ് ഇതിന്റെ പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് പറയുന്നു.
ഡാഡി അറസ്റ്റിലാണെന്ന വാര്‍ത്ത വരുന്ന സമയത്ത് ഞാനും ഭര്‍ത്താവും എന്റെ ഷോയുമായി ബന്ധപ്പെട്ട് കുവൈത്തിലായിരുന്നു. അപ്പോഴാണ് വാര്‍ത്ത കാണുന്നത്. ഞാന്‍ ഉടനെ വീട്ടിലേക്ക് വിളിച്ചു. അപ്പോള്‍ ഡാഡിയും മമ്മിയും വീട്ടിലുണ്ട്, വാര്‍ത്തയറിഞ്ഞ് കുറെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അവരെയും വിളിച്ചിരുന്നു. എന്റെ ഡാഡി ബിസിനിസുകാരാനാണ്, അങ്ങനെ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നിട്ടുണ്ടാവാം, എസ് ഐ ഡാഡിയുടെ സുഹൃത്താണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ സംസാരിക്കാനായി വിളിച്ചിരുന്നു. അതിന് അറസ്റ്റ് എന്നൊക്കെ പറയുന്നതെന്തിനാണ്? രണ്ടും തമ്മില്‍ ആകാശവും ഭൂമിയും പോലുള്ള വ്യത്യാസമുണ്ട്.

മഞ്ഞപ്പത്രങ്ങളാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത്. എന്റെ കരിയര്‍ തുടങ്ങിയിട്ട്16 വര്‍ഷമായി. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഒരു ചീത്തപ്പേരും ഇന്റസ്ട്രിയില്‍ ഇതുവരെ വരുത്തിയിട്ടില്ല. എന്റെ പിതാവിനെ ക്കുറിച്ച് ആരും മോശം പറയില്ല. ഡാഡിയുടെ ബിസിനസില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകാം. അത് അദ്ദേഹം തീര്‍ത്തുകള്ളും. അതും എന്റെ ജീവിതവുമായി കൂട്ടിക്കുഴച്ച് വാര്‍ത്തകള്‍ നല്‍കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്റെ വിവാഹത്തിന് പണം വാങ്ങി എന്നു പറഞ്ഞാണ് ആദ്യം വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്ത ചമയ്ക്കുന്നവര്‍ സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ചും ചിന്തിക്കണം. അവര്‍ക്കും അച്ഛനും അമ്മയും ഭാര്യയും മകളുമൊക്കെ ഉണ്ടാവും.

ഇന്‍ഡസ്ട്രിയില്‍ എല്ലാവരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അതുകൊണ്ടു തന്നെ ഇതൊന്നും കാര്യമാക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. എല്ലാവര്‍ക്കും തങ്ങള്‍ക്ക് നേരിട്ട സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാവും. എന്റെ പാട്ടുമോശമായാല്‍ നിങ്ങള്‍ക്കു എന്നെ വിമര്‍ശിക്കാം. അവളുടെ പാട്ട് കൊള്ളില്ല എന്നു പറയാം. എന്നാല്‍ എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെവല്ലാം വ്യത്യസ്ത വ്യക്തികളാണ്. അവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നമ്മളെ പറയുന്നത് പോലെയല്ല. നമ്മുടെ മാതാപിതാക്കളെകുറിച്ച് പറയുന്നത്. അവര്‍ക്ക് ഇതൊന്നും താങ്ങാനുള്ള കരുത്തില്ല,. ദയവു ചെയ്ത് ഞങ്ങളെ വെറുതെ വിടുക .രഞ്ജിനിയുടെ ശബ്ദം ഇടറി.