കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ടുമായിരുന്ന രഞ്ജിത് കുമാറിന്‍റെ വേര്‍പാട് യുകെ മലയാളി സമൂഹത്തിന് കനത്ത ആഘാതമായി. സുഹൃത്തുക്കളും പരിചയക്കാരും എല്ലാം സ്നേഹപൂര്‍വ്വം രഞ്ജിത് ചേട്ടന്‍ എന്ന് മാത്രം വിളിച്ചിരുന്ന രഞ്ജിത് കുമാര്‍ യുകെയിലെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ പ്രാരംഭ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജിത് കുമാര്‍. അസോസിയേഷന്‍റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ രഞ്ജിത് കുമാര്‍ ഇക്കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മലയാളികളുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന രഞ്ജിത് കുമാര്‍ സൗമ്യമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.

യുക്മയുടെ പ്രാരംഭം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജിത്ത് കുമാര്‍ ആ നിലയില്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുക്മയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിനും അതീതനായി നില കൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പ്രിയ സുഹൃത്ത് ആയിരുന്നു രഞ്ജിത് കുമാര്‍. തന്‍റെ അസുഖത്തിനും ചികിത്സകള്‍ക്കും ഇടയില്‍ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാനും ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരെയും ഇടയ്ക്ക് ഫോണ്‍ വിളിച്ച് കുശലാന്വേഷണം നടത്താനും രഞ്ജിത് കുമാര്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.

തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന കേംബ്രിഡ്ജിലെ രഞ്ജിത് കുമാറിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാവുകയും ഇന്നു വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ആയിരുന്നു. 55 വയസ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം.

തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നില്ല. ഓരോ ദിവസങ്ങളിലായി മുഴുവന്‍ ശരീരാവയവങ്ങളെയും രോഗം ബാധിക്കുകയായിരുന്നു. അത് കിഡ്‌നിയെ കഴിഞ്ഞ ദിവസം ഗുരുതരമായി ബാധിക്കുകയും ന്യുമോണിയ ആവുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.

രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന രഞ്ജിത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പുകള്‍ യുകെ മലയാളികള്‍ക്ക് പ്രചോദനാത്മകമായി മാറിയിരുന്നു. രോഗാവസ്ഥയിലും സാമൂഹ്യ ബോധത്തില്‍ അടിയുറച്ചു നിന്ന രഞ്ജിത് കഴിഞ്ഞ യുക്മ തെരഞ്ഞെടുപ്പില്‍ വീണ്ടും ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രോഗം ഉണ്ടായപ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും നിലനിര്‍ത്തിയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുക്മ കലാമേളയില്‍ സദസിനിടയില്‍ നിന്നും വിളിച്ച് ആദരിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത ആയിരുന്നു.

തലച്ചോറില്‍ തുടരെയുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ 2015 ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.  അന്ന് സുഖം പ്രാപിച്ച് തിരിച്ചു വന്നപ്പോള്‍ ആറുമാസത്തെ ആയുസ് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, അതിനെ എല്ലാം അതിജീവിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം രഞ്ജിത് കുമാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രസന്നവദനനായി നടന്ന രഞ്ജിത്ത് ഇത്തവണ സുഖമില്ലാതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത എത്തുകയായിരുന്നു.

കടുത്ത തലവേദനയോടെയാണ് രഞ്ജിത്തിന് അസുഖം തുടങ്ങിയത്. ജോലിത്തിരക്കും സംഘടനാപ്രവര്‍ത്തനവുമായി ഓടിനടന്നിരുന്നതിനാല്‍ തലവേദന രഞ്ജിത്ത് കാര്യമായി എടുത്തിരുന്നില്ല. തലവേദനിക്കുമ്പോള്‍ പാരസെറ്റാമോളോ മറ്റെതെങ്കിലും വേദനാസംഹാരികളോ കഴിച്ച് ജോലികളില്‍ വ്യാപൃതനാവുകയായിരുന്നു രഞ്ജിത്തിന്റെ പതിവ്. എന്നാല്‍ തലവേദന കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതിനിടെ വയറ്റിലും കലശലായ വേദന തുടങ്ങി. തലവേദനയും വയറുവേദനയും കലശലായതോടെ  രഞ്ജിത്തിനെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രഞ്ജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അടിയന്തര സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും നാലുദിവസം കഴിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ആശുപത്രിയിലെ തിരക്കുമൂലമാണ് ഓപ്പറേഷന്‍ വൈകിയത്. ഇതില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും രഞ്ജിത്തിന്റെ സ്ഥിതി വഷളാകാന്‍ കാരണമായെന്നാണ് അനുമാനം.

തുടര്‍ന്ന് ആദ്യ സര്‍ജറി നടത്തി സുഖംപ്രാപിച്ചു വരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇതിനാല്‍ അടുത്ത ദിവസം തന്നെ രണ്ടാമതും രഞ്ജിത്തിനെ ഓപ്പറേഷനു വിധേയനാക്കി. എന്നാല്‍ അതുകൊണ്ടും രക്തസ്രാവം നിലച്ചില്ല. അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടാകുകയും ഇതിനെതുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. അങ്ങനെ നിരവവധി ശസ്ത്രക്രിയകള്‍ക്കും സ്‌നേഹിതരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് രഞ്ജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും. രണ്ട് കുട്ടികളും ഉണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.

രഞ്ജിത് കുമാറിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.