ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടന് മേൽ ഒളിഞ്ഞും തെളിഞ്ഞും റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് തിരഞ്ഞെടുപ്പിന് ശേഷം മാത്രം പുറത്തു വിട്ടാൽ മതിയെന്ന് ബ്രിട്ടീഷ് പാർലമെന്റ് തീരുമാനിച്ചു. ബുധനാഴ്ച പാർലമെന്റ് ചേരാനിരിക്കെയാണ് വളരെ പ്രാധാന്യമർഹിക്കുന്ന വിഷയത്തിന്മേലുള്ള തീരുമാനം എടുത്തിരിക്കുന്നത്. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കെതിരെ റഷ്യ നടത്തുന്ന നീക്കങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ട് പുറത്തു വിടണമെങ്കിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സൻറെ അനുമതി വേണം. എന്നാൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ റിപ്പോർട്ടിലെ വിവരങ്ങൾ ലോകം അറിയണമെങ്കിൽ ഏറെ നാളുകൾ വേണ്ടി വരുമെന്ന് ഉറപ്പായി.

റഷ്യയ്ക്കെതിരെ നിരവധി രാജ്യങ്ങൾ സമാനമായ ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇടയിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ റഷ്യ നിരന്തരം സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുന്ന തരത്തിൽ വ്യാജ വാർത്ത നിർമ്മിച്ചു എന്ന് കരുതുന്നവർ ഏറെയാണ്.

ഇങ്ങനെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്നതായ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പുറത്തു വിടാൻ വൈകുന്നതിനു പിന്നിലെന്തന്ന് ചോദിക്കുകയാണ് വിദേശകാര്യ രംഗത്തെ പ്രഗത്ഭർ. എന്നാൽ ഉചിതമായ സമയത്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കും എന്ന മറുപടിയാണ് ബ്രിട്ടൻ ഗവണ്മെന്റ് വക്താവ് ലോർഡ് ഹൊവേ നൽകുന്നത് . ” ഒക്ടോബർ 17ന് മാത്രമാണ് സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് പ്രസ്തുത റിപ്പോർട്ട് ഗവണ്മെന്റിന് കിട്ടുന്നത്. ഉചിതമായ സമയം പ്രധാനമന്ത്രി തീരുമാനിക്കും” ലോർഡ് ഹൊവേ പറഞ്ഞു.