സ്വന്തം ലേഖകൻ

ലണ്ടൻ : ഇപ്പോൾ തെളിയുന്ന കണക്കുകൾക്കും അപ്പുറമാണ് ബ്രിട്ടനിലെ കൊറോണ വൈറസ് മരണങ്ങൾ എന്ന് റിപ്പോർട്ട്‌. ഇതുവരെ യുകെയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കോവിഡ് 19 മരണങ്ങൾ 21,678 ആണ്. എന്നാൽ ഇതിലും 54 ശതമാനത്തോളം കൂടുതൽ മരണങ്ങൾ ഇതിനകം ഉണ്ടായികഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ആകെ മരണസംഖ്യ 32000 കടന്നിട്ടുണ്ട്. കെയർ ഹോമിലെയും ആശുപത്രിയ്ക്ക് പുറത്തും നടക്കുന്ന മരണങ്ങൾ കൂട്ടിയാൽ മരണസംഖ്യ ഇത്രത്തോളം ആയി മാറും. ഏപ്രിൽ 17 വരെ ആശുപത്രിയിലും പുറത്തും കോവിഡ് -19 പിടിപെട്ടു 22,300 മരണങ്ങളുണ്ടായെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണ്ടെത്തി. മറഞ്ഞിരിക്കുന്ന മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ 17 വരെയുള്ള ആഴ്ചയിൽ കെയർ ഹോം മരണങ്ങൾ മൂന്നിരട്ടിയായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഏപ്രിൽ 17 വരെ ആശുപത്രിക്ക് പുറത്ത് 4,316 മരണങ്ങളുണ്ടായതായും ഏറ്റവും പുതിയ ഒഎൻ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 3,096 പേർ കെയർ ഹോമുകളിലും 883 പേർ സ്വകാര്യ വീടുകളിലും വെച്ച് മരണപ്പെട്ടു. എന്നാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഏപ്രിൽ 10 നും 24 നും ഇടയിൽ വീടുകളിൽ 4,343 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 17 വരെ ലണ്ടനിൽ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ പകുതിയിലധികവും കൊറോണ വൈറസ് മൂലമാണ്. കെയർ ഹോം മരണങ്ങളുടെ എണ്ണം പുറത്തുവിടാൻ സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കെയർ ഹോമുകളിൽ യഥാർത്ഥ കൊറോണ വൈറസ് മരണസംഖ്യ 7,500 ആയിരിക്കുമെന്ന് ചില വിദഗ്ധർ കരുതുന്നു. “നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രായമായവരും ദുർബലരുമായ ഒട്ടേറെപേർ ഈ ഭയാനകമായ രോഗത്താൽ മരിച്ചുവെന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.” ; ഏറ്റവും പുതിയ കണക്കുകളോട് പ്രതികരിച്ചുകൊണ്ട് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽബയിംഗ് ബോർഡ് ചെയർമാൻ കോൾ ഇയാൻ ഹഡ്‌സ്‌പെത്ത് ഇപ്രകാരം പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സാമൂഹ്യ പരിപാലനം ഇപ്പോൾ മുൻനിരയിലാണ്. കെയർ ഹോമുകളിലും സ്വന്തം വീടുകളിലും പരിചരണം ലഭിക്കുന്നവരെ സംരക്ഷിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോം ജീവനക്കാർക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധനയ്ക്ക് അർഹതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇന്ന് മുതൽ 65 വയസ്സിനു മുകളിലുള്ളവർക്കും ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകേണ്ട ആളുകൾക്കും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ഒരു പരിശോധന നടത്താനാകും. പ്രതിദിന പരിശോധന ശേഷി ഇപ്പോൾ 73,400 വരെയാണെന്ന് ഹാൻ‌കോക്ക് വെളിപ്പെടുത്തി. മെയ് മാസത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾക്കായി സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏതെങ്കിലും കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 70 വയസ്സിനു മുകളിലുള്ള എല്ലാ രോഗികളിലും ഇപ്പോൾ കോവിഡ് -19 ടെസ്റ്റ്‌ നടത്തുമെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ ഇന്നലെ 586 മരണങ്ങൾ കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. ഇന്നലെ മാത്രം 3996 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 161,145 ആയി ഉയർന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ അപേക്ഷിച്ച് മരണസംഖ്യയും പുതിയ കേസുകളും കുറയുകയാണ്. ഇത് രാജ്യത്തിന് ആശ്വാസം പകരുന്ന വാർത്തയാണ്.