ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ലോകം കൂടുതൽ ഡിജിറ്റൽ ആയികൊണ്ടിരിക്കുകയാണ്. ബിൽ അടയ്ക്കുക, ഭക്ഷണം ഓർഡർ ചെയ്യുക എന്നതുമാത്രമല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും ഇപ്പോൾ നമ്മുടെ കൈയിൽ ഇരിക്കുന്ന സ്മാർട്ട്ഫോൺ സ്വാധീനം ചെലുത്തുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിനൊപ്പം കൂടതല്‍ സമയം ചെലവഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതു തീര്‍ച്ചയായും നിങ്ങളുടെ ഉറക്കം കെടുത്തും. സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വൺ പ്ലസിന്റെ സർവേയിലാണ് ആളുകളുടെ ഉറക്കകുറവിനെ പറ്റി പറയുന്നത്. സ്മാർട്ട്‌ഫോൺ ഉപയോഗം മൂലം യുകെയിൽ നാലിൽ ഒരു മുതിർന്ന വ്യക്തിക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നു. എന്നാൽ യുവാക്കളിൽ എത്തുമ്പോൾ ഉറക്കകുറവിന്റെ പ്രശ്നം അനുഭവിക്കുന്നവർ 86% ആണ്. പ്രധാന കാരണം ഉറക്കത്തിനു മുമ്പ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് തന്നെ. രാത്രി പതിനൊന്നു മുതൽ വെളുപ്പിനെ മൂന്നു മണി വരെ തങ്ങൾ ഫോൺ ഉപയോഗിക്കുന്നതായി 15% യുവാക്കൾ വെളിപ്പെടുത്തി. 55 വയസ്സിനു മുകളിൽ ഉള്ള ആളുകളിൽ 9% പേർക്ക് മാത്രമാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടത്. 12 മില്യൺ ജനങ്ങൾക്ക് ഈ പ്രശ്നം നേരിട്ടേക്കാം എന്നും റിപ്പോർട്ട്‌ പറയുന്നു.

ചില ഫോൺ നിർമാതാക്കൾ ഈയൊരു പ്രശ്നത്തെ മറികടക്കാനായി പല സംവിധാനങ്ങളും ഫോണിൽ ഉൾപ്പെടുത്തുന്നു. നീല വെളിച്ചം തടയാൻ സ്ക്രീൻ മോഡിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വൺപ്ലസിലെ ഇ.യു സ്ട്രാറ്റജിയുടെയും യുകെ മാർക്കറ്റിംഗിന്റെയും തലവൻ കേറ്റ് പാർക്കിൻ പറഞ്ഞു ; “സാങ്കേതികവിദ്യ ജീവിതത്തെ മെച്ചപ്പെടുത്തണം. എന്നാൽ ഉറക്കം നശിക്കുകയല്ല വേണ്ടത്. ” അത്കൊണ്ടു തന്നെ ഇ 3 പാനൽ, ഡാർക്ക് മോഡ്, സെൻ മോഡ് തുടങ്ങിയ പ്രധാന സവിശേഷതകളുള്ള 90 ഹെർട്സ് ഡിസ്‌പ്ലേ വൺപ്ലസ് കൊണ്ടുവന്നു. ദി സ്ലീപ്പ് കൗൺസിൽ മേധാവി ലിസ ആർട്ടിസ് പറഞ്ഞു : ഈ റിപ്പോർട്ടുകൾ യഥാർത്ഥത്തിൽ കണ്ണ് തുറപ്പിക്കുന്നതാണ്. നീല വെളിച്ചം ഉറക്കം ഇല്ലാതാകാൻ കാരണമാകുന്നു. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഫോൺ മാറ്റിവെക്കണം. വൈകിട്ട് ഫോൺ ഉപയോഗിക്കുന്നവർ മറ്റു സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നീലവെളിച്ചം നിയന്ത്രിക്കണം.”

ബെൽഫാസ്റ്റ് ആസ്ഥാനമായുള്ള ന്യൂറോവാലൻസ് കമ്പനിയായ മോഡിയസ്, ഉറക്ക മരുന്നുകളുടെ ആവശ്യമില്ലാതെ ഉറക്കത്തെ മെച്ചപ്പെടുത്തുന്നതിന് ന്യൂറോ സയൻസ് ഉപയോഗിക്കുന്നു. കിടക്കുന്നതിന് മുമ്പായി 30 മിനിറ്റ് ധരിക്കാൻ ഒരു ഹെഡ്സെറ്റ് അവർ അവതരിപ്പിച്ചു. ഇത് തലച്ചോറിലെ പ്രധാന സ്ലീപ്പ് ന്യൂറോണുകളെ സജീവമായി ഉത്തേജിപ്പിക്കുന്നു. ഒപ്പം ആപ്പിളും ഗൂഗിളും അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് നീല വെളിച്ചം കുറയ്ക്കുന്ന ക്രമീകരണങ്ങളും ഡാർക്ക്‌ മോഡ് ക്രമീകരണങ്ങളും ഉൾപ്പെടുത്തി അവതരിപ്പിക്കുന്നു.