ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബ്രിട്ടൻ :- ലോകത്താകമാനമുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തി കൊണ്ടിരിക്കുന്ന കോവിഡ് -19 രോഗബാധയ്ക്ക് പരിഹാരമേകാൻ പുതിയ മരുന്ന് പരീക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഗവേഷകനും സംഘവും. ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, കാനഡ റിസർച്ച് ചെയർ ഇൻ ഫംഗ്ഷണൽ ജനറ്റിക്സിന്റെയും ഡയറക്ടർ ആയിരിക്കുന്ന ഡോക്ടർ ജോസഫ് പെന്നിങാർ ആണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. സാർസ് വൈറസിനോട് സമാനതയുള്ള കോവിഡ് 19 വൈറസിനെ തുടക്കത്തിൽ തന്നെ മരുന്നുകൾ കൊണ്ട് പ്രതിരോധിക്കാൻ ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ ഫെഡറൽ ഗവൺമെന്റാണ് ഈ ഗവേഷണത്തിന് ആവശ്യമായ ചിലവുകളുടെ പകുതി വഹിക്കുന്നത്. ഈ വൈറസിനെ എങ്ങനെ കിഡ്നികളെയും രക്തക്കുഴലുകളെയും ബാധിക്കാതെ പ്രതിരോധിക്കാം എന്നതാണ് ഈ ഗവേഷണത്തിന്റെ മുഖ്യലക്ഷ്യം.

എപിഎൻ 01 എന്ന ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് ഇൻസായ്മ് 2 എന്നതിന്റെ റീകോമ്പിനന്റ് രൂപമാണ് പുതിയ ആന്റി വൈറൽ ഡ്രഗ് ആയി രൂപപ്പെടുത്തിയിരിക്കുന്നത്. വൈറസ് മനുഷ്യനിൽ കയറുവാൻ ഉപയോഗിക്കുന്നത്, മനുഷ്യനിൽ തന്നെയുള്ള ഹ്യൂമൻ ആൻജിയോടെൻസിൻ കൺവെർട്ടിങ് എൻസായ്മിനെയാണ്. പുതുതായി രൂപപ്പെടുത്തിയിരിക്കുന്നത് മരുന്ന് ഇതിനോട് സാമ്യമുള്ളതാണ്. അതിനാൽ വൈറസ് ഈ മരുന്നിനോട് ബന്ധം ഉണ്ടാക്കുകയും, മനുഷ്യനെ ബാധിക്കാതിരിക്കാതിരിക്കുകയും ചെയ്യും.

ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽസ് നടത്തുന്നത് യൂറോപ്പ്യൻ ബയോടെക് കമ്പനിയായ അപേയ്‌റോൺ ബയോലിജിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഈ പരീക്ഷണങ്ങൾ പൂർത്തിയാവുകയും, മരുന്ന് ഫലപ്രദമാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷണ സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.